ഹർത്താലിന് ബി.ജെ.പി പിന്തുണ;ശബരിമലയിൽ ഉൾപ്പെടെ നിരോധനാജ്ഞ;അഴിഞ്ഞാടാൻ അനുവദിക്കില്ലെന്ന് ജയരാജൻ

single-img
17 October 2018

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി നടത്തുന്ന ഹർത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. അഡ്വ.പി.എസ്.ശ്രീധരൻപിള്ള നടത്തിയ വാർത്താ സമ്മേളത്തിലാണ് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. ഹർത്താൽ തികച്ചും സമാധാനപരമായിരിക്കണം എന്ന് എൻ.ഡി.എ ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെ ആയിരിക്കും ഹർത്താൽ. പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെയും ശബരിമല തീർത്ഥാടകരെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ശബരിമലയിലെ നാലിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ. ശബരിമലയുടെ 30 കിലോമീറ്റർ പരിധിയിൽ പ്രതിഷേധം അനുവദിക്കില്ലെന്നും കളക്‌ടർ അറിയിച്ചു.എന്നാല്‍, സന്നിധാനത്തേക്ക് എത്തുന്ന ഭക്തര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവര്‍ മാധ്യമ പ്രവര്‍ത്തകരെയും പോലീസിനെയും ആക്രമിച്ച പശ്ചാത്തലത്തിലാണ് കടുത്ത നടപടിയിലേക്ക് ജില്ലാ ഭരണകൂടം നീങ്ങിയിട്ടുള്ളത്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ മറവിൽ വിശ്വാസികൾക്കും മാദ്ധ്യമപ്രവർത്തകർക്കും നേരെയുള്ള ആക്രമണം അത്യന്തം അപലപനീയമാണെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ഭക്തജനങ്ങളുടെ സമാധാനപരമായ ഗതാഗതത്തെയും ശാന്തമായ ദർശനത്തെയും തടസ്സപ്പെടുത്തുന്നത് നോക്കിനിൽക്കാൻ കഴിയുന്നതല്ല. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തുടർന്നാണ് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കപ്പെട്ടത്. ഭരണഘടനാ ബാധ്യത നിറവേറ്റുന്ന സംസ്ഥാനസർക്കാറിന്റെ നിലപാടിനെതിരെയാണ് സംഘപരിവാറിന്റെ പിന്തുണയോടെ അക്രമം അഴിച്ചുവിട്ടിട്ടുള്ളത്.

ശബരിമലയിൽ കോടതി വിധി നടപ്പാക്കേണ്ടത് ഒരു ജനാധിപത്യ സർക്കാറിന്റെ ബാധ്യതയാണ്. സുപ്രീംകോടതി വിധി ലംഘിച്ചുള്ള ഇത്തരം ക്രിമിനൽ വാഴ്ചയുമായി മുന്നോട്ടു പോകുന്നവർക്കെതിരെ സർക്കാർ കർശനനടപടി സ്വീകരിക്കും. സുപ്രീംകോടതിവിധിയെ ആർ.എസ്.എസിന്റെയും കോൺഗ്രസിന്റെയും ദേശീയനേതൃത്വം സ്വാഗതം ചെയ്യുമ്പോഴാണ് അവരുടെ സംസ്ഥാന നേതൃത്വം രാഷ്ട്രീയലക്ഷ്യം വച്ച് തെരുവിലിറങ്ങി കലാപത്തിന് ശ്രമിക്കുന്നത്. ഇവർ നടത്തുന്ന സമരാഭാസം ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. കോടതിവിധിക്കെതിരെ ഒരുകൂട്ടമാളുകൾ നടത്തുന്ന അക്രമത്തെ കൈയ്യുംകെട്ടി നോക്കി നിൽക്കാൻ സർക്കാറിനാവില്ല. വനിതകളുൾപ്പെടെ എട്ടോളം മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും. ശബരിമല ദർശനത്തിനെത്തുന്ന മുഴുവൻ ഭക്തരുടെയും വിശ്വാസം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിൽ നിലനിൽക്കുന്ന മത നിരപേക്ഷതയെ തകർക്കാൻ ഗുജറാത്തിലും, യു.പി. യിലും, ഗോധ്രയിലും മറ്റും നടത്തിയ ആസൂത്രിതമായ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ശബരിമലയിൽ ആർ.എസ്.എസ് – ബി.ജെ.പി – കോൺഗ്രസ്സ് സഖ്യം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു.

ഹര്‍ത്താലിനോടനുബന്ധിച്ച്‌ വാഹന ഗതാഗതം തടസപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു.നിയമവാഴ്ചയും സമാധാനഅന്തരീക്ഷവും നിലനിര്‍ത്തുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും ലഭ്യമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി.