നിലയ്ക്കലില്‍ വ്യാപക അക്രമം;ഏഴ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്ക്; പൊലീസ് ലാത്തിവീശി

single-img
17 October 2018

പത്തനംതിട്ട: ശബരിമലയിലെ സ്​ത്രീ പ്രവേശനത്തിൽ പ്രതിഷേധവുമായെത്തിയ ആചാര സംരക്ഷണ സമിതിയുടെ പ്രതിഷേധം അക്രമത്തിലേക്ക്​ തിരിഞ്ഞതിനെ തുടർന്ന്​ പൊലീസ്​ ലാത്തി വീശി. പ്രതിഷേധക്കാർ പൊലീസുകർക്കെതിരെ കമ്പും കല്ലും വലിച്ചെറിഞ്ഞു. ഇതേ തുടർന്നാണ്​ പൊലിസ്​ ലാത്തി വീശിയത്​.

പോലീസ് ലാത്തിവീശിയതോടെ പ്രതിഷേധക്കാർ വനത്തിലൂടെ ഓടി. പിന്നീട് വനത്തിൽ മറഞ്ഞിരുന്നാണ് പോലീസിനേ നേരെ കല്ലെറിഞ്ഞത്.

മാധ്യമപ്രവർത്തകർക്കുനേരെയും വൻ സംഘർഷമുണ്ടായി.ന്യൂസ്18, റിപ്പബ്ലിക് ടിവി എന്നീ മാധ്യമങ്ങളുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. വനിതാ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറായ പൂജ പ്രസന്ന എത്തിയ കാര്‍ തകര്‍ത്തു. ദി ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതയെ ബസില്‍നിന്ന് ഇറക്കിവിട്ടു. രാധിക, മൗഷ്മി എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. എന്‍ഡി ടിവിയുടെ സ്നേഹ കോശിയെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തു.

 

നാല് മണിക്കൂറായി പ്രദേശത്ത് വ്യാപക അക്രമം നടത്തിയ പ്രതിഷേധക്കാർക്കെതിരേ കൂടുതൽ പോലീസ് സേന എത്തിയതോടെയാണ് നടപടി തുടങ്ങിയത്. വനിതാ മാധ്യമപ്രവർത്തകരെ അടക്കം പ്രതിഷേധക്കാർ വാഹനത്തിൽ നിന്നിറക്കി മർദ്ദിക്കുന്ന സ്ഥിതിയിലേക്ക് സംഘർഷം നീണ്ടിരുന്നു. എന്നാൽ പോലീസ് നിലയ്ക്കലിൽ കുറവായിരുന്നതിനാൽ അവർ നടപടികൾക്ക് മുതിർന്നില്ല.