ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ സ്ത്രീകളുടെ പ്രായം പരിശോധിച്ച്‌ ദേവസ്വം ഗാര്‍ഡുകള്‍;തങ്ങള്‍ 50 കഴിഞ്ഞവരെന്നു വിശദീകരണം

single-img
17 October 2018

നിലയ്ക്കല്‍: സന്നിധാനത്തെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ സ്ത്രീകളുടെ പ്രായം പരിശോധിച്ച്‌ ദേവസ്വം ഗാര്‍ഡുകള്‍. അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയ വനിതാ ഉദ്യോഗസ്ഥരുടെ പ്രായം 50 കഴിഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അവരെ പ്രവേശിപ്പിച്ചത്.

യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ പ്രായം പരിശോധിച്ച ദേവസ്വം ഗാര്‍ഡുകളുടെ നടപടിയോടുള്ള അമര്‍ഷം ഇരുവരും മാദ്ധ്യമങ്ങളോട് പങ്കുവച്ചു.

ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന, വെക്ടര്‍ ബോണ്‍ ഡിസീസ് അഡീ. ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നീ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുമാരാണ് സന്നിധാനത്ത് എത്തിയത്. ഇവര്‍ക്ക് 50 വയസ്സില്‍ കൂടുതല്‍ പ്രായം ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ഇവരെ നിലയ്ക്കലില്‍ നിന്ന് കടത്തി വിട്ടത്.

ഇവര്‍ 50 വയസ് കഴിഞ്ഞവരാണെന്ന് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സന്നിധാനത്ത് വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണെന്നും ദര്‍ശനത്തിന് ശേഷം മടങ്ങിപ്പോകുമെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട യോഗം നടന്നിരുന്നത് പമ്പയിലാണ്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് പമ്പയില്‍ യോഗം നടത്താനുള്ള സാഹചര്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് സന്നിധാനത്തേക്ക് മാറ്റിയത്