വിരമിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗൗതം ഗംഭീറിന്റെ മറുപടി

single-img
17 October 2018

ഗൗതം ഗംഭീറിന്റെ 37 ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ച്വറിയോടെയായിരുന്നു ഗംഭീര്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. 72 പന്തുകളില്‍ നിന്നായിരുന്നു താരം 104 റണ്‍സുകള്‍ നേടിയത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ തുടരുമ്പോഴും ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിയാത്ത താരം ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുകയാണോ എന്ന ചോദ്യങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കളിയോടുള്ള താത്പര്യം നഷ്ടപ്പെടുമ്പോള്‍ മാത്രമേ താന്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂവെന്നാണ് ഗംഭീര്‍ പറയുന്നത്.

‘ഇപ്പോള്‍ ഞാന്‍ റണ്‍സ് നേടുന്നുണ്ട്, അത് എന്നെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. റണ്‍സ് നേടാന്‍ കഴിയുന്നുണ്ടെങ്കില്‍ വിജയിക്കുകയാണെങ്കില്‍ ഡ്രെസിങ്ങ് റൂമില്‍ തിരിച്ചെത്തുമ്പോള്‍ സന്തോഷമായിരിക്കും. കളിയോട് ഒരുവിധത്തിലുമുള്ള താത്പര്യം ഇല്ലാതിരിക്കുമ്പോള്‍ മാത്രമേ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂ’ ഗംഭീര്‍ പറഞ്ഞു.

2004 ലായിരുന്നു ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. വീരേന്ദ്ര സെവാഗിനൊപ്പം ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായതോടെയാണ് ഗംഭീര്‍ ക്രിക്കറ്റ് ശ്രദ്ധേയനാകുന്നത്. 2011 മുതല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായും താരം തിളങ്ങി. 2012 ലും 2014 ലും ഗംഭീറിനു കീഴില്‍ കൊല്‍ക്കത്ത ചാമ്പ്യന്മാരാവുകയും ചെയ്തു.