പതിനാലുലക്ഷം രൂപയുടെ റെഫ്രിജറേറ്ററുകളുമായിപ്പോയ കൂറ്റന്‍ ട്രക്ക് പതിനാലുകാരന്‍ അടിച്ചുമാറ്റി; ഒടുവില്‍ പൊലീസ് പൊക്കി

single-img
17 October 2018

പ്രതീകാത്മക ചിത്രം

ക്ലീനറായി ജോലി ചെയ്തിരുന്ന ചരക്കുലോറിയുമായി കടന്ന പതിനാലുകാരന്‍ ചുറ്റിക്കറങ്ങിയത് രണ്ടു ദിവസം. ഹരിയാന രജിസ്‌ട്രേഷനിലുള്ള വാഹനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഹൈവേ പോലീസ് വാഹനം പരിശോധിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഹത്‌രാസില്‍ വെച്ചാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്.

അതിനോടകം ഏകദേശം 138 കിലോമീറ്ററാണ് പയ്യന്‍ വണ്ടി ഓടിച്ചത്. ലോറിയിലെ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്ന സ്റ്റെപ്പിനി ടയര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. റെഫ്രിജറേറ്ററുകളാണ് ലോറിയില്‍ ഉണ്ടായിരുന്നത്.

പതിനാലു ലക്ഷം രൂപ വില വരുന്ന ചരക്കുമായി പോവുകയായിരുന്ന ലോറി നോയിഡയില്‍ നിര്‍ത്തി ഡ്രൈവര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഇടപാടുകള്‍ക്കായി ഇറങ്ങിയ സമയത്താണ് പതിനാലുകാരനായ പയ്യന്‍ വണ്ടിയുമായി മുങ്ങിയത്. ആകെ നൂറു രൂപയാണ് ഇവന്റെ കൈവശം ഉണ്ടായിരുന്നത്.

ലോറിയില്‍ ക്ലീനറായി ജോലി ചെയ്യുന്നതില്‍ നിന്ന് ലഭിച്ച അയ്യായിരം രൂപ ജീവിതചെലവിനായി തികയാത്തതു കൊണ്ടാണ് ഇത്തരത്തിലൊരു സാഹസത്തിനു മുതിര്‍ന്നതെന്ന് പതിനാലുകാരന്‍ പോലീസിനോടു പറഞ്ഞു. അച്ഛന്റെ മരണത്തെ നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയാണ് തന്നെ വാഹനവുമായി കടക്കാന്‍ പ്രേരിപ്പിച്ചതെന്ന് കുട്ടി കൂട്ടിച്ചേര്‍ത്തു.