നവംബര്‍ 11 മുതല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പ്രവാസികള്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടമാകും

single-img
16 October 2018

സൗദിയില്‍ 12 മേഖലകളിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം നവംബര്‍ 11ന് പ്രാബല്യത്തില്‍ വരും. വാച്ച്, കണ്ണട, ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളിലാണ് നവംബര്‍ 11 മുതല്‍ രണ്ടാം ഘട്ട സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുന്നത്.

റേഡിയോ, ടിവി എന്നിവയുടെ കച്ചവടം, ഫ്രിഡ്ജ്, ഓവന്‍, ടെലിഫോണ്‍ എന്നിവയുടെ മൊത്തക്കച്ചവടം, പമ്പു സെറ്റുകള്‍, ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയുടെ വ്യാപാരം ഇലക്ട്രിക്ക് കളിപ്പാട്ടങ്ങളുടെ മൊത്തക്കച്ചവടം എന്നിവയാണ് രണ്ടാംഘട്ട സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുന്നത്.

അതേസമയം മോട്ടോര്‍സൈക്കിള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, സൈനിക യുണിഫോമുകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ച ഒന്നാംഘട്ട സ്വദേശിവത്കരണം 84 ശതമാനം സ്ഥാപനങ്ങളും നടപ്പിലാക്കിയതായി തൊഴില്‍ സാമുഹികക്ഷേമ ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുല്ല അബൂസനീന്‍ പറഞ്ഞു.

ഈ മേഖലകളിലെ നിയമലംഘനം കണ്ടെത്താനായി അധികൃതര്‍ ഇപ്പോഴും പരിശോധന തുടരുകയാണ്. നിയമം നടപ്പിലാക്കാതെ നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചിലതു ഇതിനോടകം അടച്ചുപൂട്ടുകയും ചെയ്തു.

അതിനിടെ, സൗദിയില്‍ അടുത്ത മാസത്തോടെ തൊഴില്‍ മേഖല കൂടുതല്‍ ഉണര്‍വേകുമെന്നു റിപ്പോര്‍ട്ടുകള്‍. പുതുതായി പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ രാജ്യത്തിന്റെ നിലവിലെ തൊഴില്‍ മേഖലയിലെ മാന്ദ്യതക്ക് താല്‍കാലിക പരിഹാരം കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദി വിഷന്‍ 2030 ലക്ഷ്യമാക്കിയുള്ള ചില പദ്ധതികള്‍ക്ക് അടുത്ത ഈ മാസം അവസാനത്തോടെ തുടക്കം കുറിക്കുന്നതോടെ കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നും ഇത് രാജ്യത്തെ തൊഴില്‍ വിപണിക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഴുന്നൂറോളം പുതിയപദ്ധതികളാണ് വരും മാസങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുക.

ഈ മാസം അവസാനത്തോടെ നടക്കുന്ന സൗദി ബില്‍ഡ് 2018 എക്‌സിബിഷനില്‍ ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. പദ്ധതികളുടെ ആസൂത്രങ്ങളും ബന്ധപ്പെട്ട വിശദീകരണങ്ങളും എക്‌സിബിഷനില്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്. ലോകത്തെ വിവിധങ്ങളായ 32 രാജ്യങ്ങളില്‍ നിന്നുള്ള 512 കമ്പനികളാണ് എക്ഷിബിഷനില്‍ പങ്കടുക്കുന്നത്.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. കെട്ടിട നിര്‍മാണം, നിര്‍മാണോപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങി നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്നതു കൂടിയായിരിക്കും സൗദി ബില്‍ഡ് 2018.

സൗദി മാര്‍ബിള്‍ 2018 എന്ന പ്രദര്‍ശനവും നിര്‍മാണ രംഗത്തെ ഭീമന്‍ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഇതേ ദിവസങ്ങളില്‍ നടക്കുമെന്നും ആല്‍ശൈഖ് കൂട്ടിച്ചേര്‍ത്തു. സൗദിയില്‍ വരും വര്‍ഷങ്ങളില്‍ വന്‍ തൊഴില്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.