ശബരിമല ചര്‍ച്ച പരാജയം: ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്; സമരം തുടരുമെന്ന് ശ്രീധരന്‍ പിള്ള; സ്ത്രീകളെ തടയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
16 October 2018

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച യോഗത്തില്‍ പ്രശ്‌നപരിഹാരമായില്ല. ഭക്തരുടെ വികാരം ദേവസ്വം ബോര്‍ഡ് മാനിച്ചില്ലെന്നു പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ പറഞ്ഞു. 19ാം തീയതി യോഗം ചേര്‍ന്ന് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നാണു ബോര്‍ഡ് നേതൃത്വം പറഞ്ഞത്. പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നു പറഞ്ഞിട്ടില്ല.

ശബരിമലയെ പ്രതിഷേധത്തിലൂടെ യുദ്ധക്കളം ആക്കരുത്. സുപ്രീംകോടതി തീരുമാനം റദ്ദു ചെയ്യണം എന്നാണു കൊട്ടാരത്തിന്റെ ആവശ്യം. ബോര്‍ഡ് ആണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. നിലയ്ക്കലില്‍ സ്ത്രീകളെ തടയുന്ന സാഹചര്യമില്ലെന്നും ഏതെങ്കിലും സംഘടനകളാകാം പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമാകാത്തതിനാല്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു എന്നും ശശികുമാര്‍ വര്‍മ പറഞ്ഞു.

അതേസമയം, ചര്‍ച്ച ഒരിക്കലും പൂര്‍ണ പരാജയമല്ലെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. 19 ന് ബോര്‍ഡ് യോഗം ചേരും. അന്നു ബോര്‍ഡിന്റെ വക്കീലന്‍മാര്‍ വരും. 22 ന് മാത്രമേ സുപ്രീം കോടതി തുറക്കൂ. ഇന്നു പുനഃപരിശോധനാ ഹര്‍ജി കൊടുക്കണമെന്നാണു യോഗത്തില്‍ പങ്കെടുത്തവര്‍ പറയുന്നത്.

അതു സാധിക്കില്ല. പ്രശ്‌നപരിഹാരത്തിനാണു ബോര്‍ഡ് ശ്രമിച്ചത്. എന്തു നിലപാടും സ്വീകരിക്കാന്‍ തയാറാണെന്നു പ്രതിനിധികളോടു പറഞ്ഞു. ചര്‍ച്ച തുടരാനാണു ബോര്‍ഡ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ മുന്‍വിധിയില്ല. പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡന്റ് പറഞ്ഞു.

അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സമവായ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരപരിപാടികള്‍ തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത് വളഞ്ഞ വഴിയാണ്. രാജകുടുംബവും തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തിയെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ദേവസ്വം ബോര്‍ഡിന്റേത്. ഹിന്ദുക്കളുടെ പ്രാതിനിധ്യം ഇല്ലാതാക്കാന്‍ ദേവസ്വം ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്‌തെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

സ്ത്രീ സമത്വം ഉറപ്പാക്കാനാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ കേരളത്തിലെ വിശ്വാസികളായ 95 ശതമാനം ഹിന്ദു സ്ത്രീകളും വിധിക്കെതിരാണെന്ന് നിലപാട് വ്യക്തമാക്കിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ വിധി നടപ്പാക്കുന്നത് എന്തിനാണെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ചില ബദല്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇത് ചെറുക്കാനായി വിശ്വാസി സംഘടനകള്‍ വീടുകളിലെത്തി സ്ത്രീകളെ ബോധവത്കരിക്കുമെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. സമരത്തെ മറികടന്ന് ഭരണകൂടത്തിന് വിധി നടപ്പാകാനില്ലെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അത്തരമൊരു നിലപാടില്ല. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ അത്തരത്തില്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനമല്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ബുധനാഴ്ച നടക്കുന്ന സമരത്തില്‍ സുധാകരന്‍ പങ്കെടുക്കുന്നത് പാര്‍ട്ടി തീരുമാനമനുസരിച്ചു തന്നെയാണ്. അതില്‍ പല കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുന്നുണ്ട്. ദിശ എന്ന പരിപാടിയുമായി സഹകരിച്ചു പോകുന്നതുകൊണ്ടാണ് താന്‍ പങ്കെടുക്കാത്തതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞപ്പോള്‍ കെപിസിസി അധ്യക്ഷന്‍ അദ്ദേഹത്തെ തിരുത്തി. കൊടിക്കുന്നിലും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

പല യുവതികളും ശബരിമലയിലേക്ക് വരാന്‍ തയാറെടുക്കുന്നത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, യുവതികള്‍ പരമാവധി ശബരിമലയിലേക്ക് വരരുതെന്നാണ് കോണ്‍ഗ്രസിന് പറയാനുള്ളത്. പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു.