റഫാല്‍ ഇടപാടില്‍ റിലയന്‍സ് പങ്കാളിയാകണമെന്നത് നിര്‍ബന്ധിതവ്യവസ്ഥ; മോദി സര്‍ക്കാരിനെ വെട്ടിലാക്കി കൂടുതല്‍ രേഖകള്‍ പുറത്ത്

single-img
16 October 2018

റഫാല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയിലെ നിര്‍മാണ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ നിയോഗിക്കണമെന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നതായി തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്.

റഫാല്‍ വിമാന നിര്‍മാണക്കമ്പനിയായ ഡാസോ ഏവിയേഷനിലെ ട്രേഡ് യൂണിയന്‍ ‘സിജിടി’യാണ് പുതിയ രേഖ പുറത്തുവിട്ടത്. റഫാല്‍ ഇടപാടില്‍ 2017 മേയ് 11നു നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങുന്നതാണ് ഇത്. കരാര്‍ ലഭിക്കുന്നതിനായി റിലയന്‍സിനെ പങ്കാളിയാക്കുകയല്ലാതെ ഡാസോയ്ക്ക് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു.

പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇതെന്നും രേഖയില്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഫാല്‍ കരാറില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന് ‘നിര്‍ബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയുണ്ടായിരുന്നതായി കഴിഞ്ഞ ആഴ്ച ഫ്രഞ്ച് മാധ്യമം ‘മീഡിയപാര്‍ട്ട്’ വെളിപ്പെടുത്തിയിരുന്നു.

ഫ്രാന്‍സ് സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പുറപ്പെടുന്നതിനു തൊട്ടുമുന്‍പായിരുന്നു വാര്‍ത്ത പുറത്തുവന്നത്. കരാറില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ കൊണ്ടുവന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രന്‍സ്വ ഒലോന്‍ദും വെളിപ്പെടുത്തിയിരുന്നു.

ഡാസോ സ്വന്തം നിലയ്ക്കാണ് റിലയന്‍സിനെ പങ്കാളിയാക്കിയതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദമാണ് ഇതോടെ പൊളിയുന്നത്. അതേസമയം ഡാസോ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ഓഫ്‌സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കണമെന്ന വ്യവസ്ഥ മാത്രമായിരുന്നു ചര്‍ച്ചയില്‍ ഉണ്ടായിരുന്നതെന്നും റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ലെന്നും ഡാസോ അധികൃതര്‍ പ്രതികരിച്ചു.