മോഹന്‍ലാല്‍ രാജിവെച്ചോ ?

single-img
16 October 2018

കൊച്ചി: താര സംഘടന ‘അമ്മ’ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നതോടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാനൊരുങ്ങി മോഹന്‍ലാല്‍. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള അമ്മയുടെ പ്രത്യേക പരിപാടിക്ക് ശേഷം ചുമതല ഒഴിയുമെന്നും മോഹന്‍ലാല്‍ ഭാരവാഹികളെ അറിയിച്ചെന്നാണ് സൂചന.

കഴിഞ്ഞദിവസം ‘അമ്മ’ യുടെ ഔദ്യോഗിക വക്താവ് എന്ന നിലയില്‍ ട്രഷറര്‍ ജഗദീഷ് തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പ് നല്‍കിയതിന് പിന്നാലെ ഉച്ചകഴിഞ്ഞ് സെക്രട്ടറി സിദ്ദീഖ് മുതിര്‍ന്ന നടി കെ.പി.എ.സി ലളിതക്കൊപ്പം എഴുപുന്നയിലെ സിനിമയുടെ സെറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് സംഘടനക്കുള്ളിലെ ആശയക്കുഴപ്പവും ഭിന്നതയും പുറത്തുകൊണ്ടുവന്നത്.

സംഘടന ട്രഷററായ ജഗദീഷ് രാവിലെ നല്‍കിയ വാര്‍ത്താ കുറിപ്പില്‍ താന്‍ എഎംഎംഎ വക്താവായിട്ടാണ് എത്തിയിരിക്കുന്നതെന്നും പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് സംഘടന സെക്രട്ടറിയായ സിദ്ദിഖ് പ്രതികരിച്ചത്, എഎംഎംഎയ്ക്ക് അങ്ങനെയൊരു വക്താവ് ഇല്ലെന്നും ജഗദീഷ് പറഞ്ഞത് അറിഞ്ഞിട്ടില്ലെന്നുമാണ്.

ഇതിനെ തുടര്‍ന്ന് പത്രക്കുറിപ്പ് സംബന്ധിച്ച സിദ്ദിഖിന്റെ വാദം ജഗദീഷും തള്ളി. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്താണ് വാര്‍ത്താ കുറിപ്പ് ഇറക്കിയതെന്നും സിദ്ദിഖ് അടക്കമുള്ള ഭാരവാഹികള്‍ക്കും ഇത് അയച്ചു കൊടുത്തിരുന്നുവെന്നും ജഗദ്ദീഷ് പറഞ്ഞു. താന്‍ എഎംഎംഎയുടെ വക്താവ് തന്നെയാണ്, അച്ചടക്കം ഉള്ള അംഗം എന്ന നിലയില്‍ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നല്‍കുന്നില്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു.