ശബരിമലയെക്കുറിച്ച് മോശം കമന്റിട്ടു: സൗദിയില്‍ മലയാളി യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി

single-img
16 October 2018

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ദീപക്കിനെ ജോലിയില്‍ നിന്നും നീക്കം ചെയ്തതായി ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ നന്ദകുമാര്‍ നായര്‍ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന ദുഷ്പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന ലുലു ഗ്രൂപ്പിന്റെ കര്‍ശന നിലപാടാണ് ഇത്തരത്തിലുള്ള നടപടിയെടുക്കാന്‍ ഇടയായത്.

‘ഇതൊരു സുവര്‍ണ്ണാവസരമാണ് അയ്യപ്പന്‍ സ്വയം കഴിവ് തെളിയിക്കട്ടെ! കിളവികളെ വേണോ അതോ നല്ല പെമ്പിള്ളേരെ വേണോ.. തീരുമാനം അയ്യപ്പന്..’ എന്ന ദീപക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സ്ത്രീകളെ അപമാനിക്കുന്നതാണെന്നുമുള്ള ഒട്ടേറെ പരാതികള്‍ ലുലു ഗ്രൂപ്പിലേക്ക് പോയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു നടപടി.

നേരത്തെ, കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട നടത്തിയ മോശം പരാമര്‍ശത്തിന്റെ പേരിലും ജീവനക്കാരനെ ലുലു ഈയിടെ പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന്, ഗള്‍ഫ് രാജ്യങ്ങളിലെ നിയമസംവിധാനങ്ങള്‍ക്ക് കടകവിരുദ്ധമായി സമൂഹമാധ്യമങ്ങളില്‍ കൂടി മതങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തുകയോ, വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന മുന്നറിയിപ്പ് എല്ലാ ജീവനക്കാര്‍ക്കും ലുലു ഗ്രൂപ്പ് നല്‍കിയിരുന്നു.