സിദ്ദിഖും കെപിഎസി ലളിതയും പറഞ്ഞ കാര്യങ്ങള്‍ സംഘടനയുടെ നിലപാടല്ലെന്ന് അമ്മ; സംഘടന പൊട്ടിത്തെറിയിലേക്ക്

single-img
16 October 2018

തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് സിദ്ദിഖും കെപിഎസി ലളിതയും പറഞ്ഞ കാര്യങ്ങള്‍ സംഘടനയുടെ നിലപാടല്ലെന്ന് താരസംഘടനയായ അമ്മ. തിങ്കളാഴ്ച രാവിലെ അമ്മയുടെ വക്താവായ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് തള്ളി സിദ്ദിഖ് കാര്യങ്ങള്‍ വ്യക്തമാക്കി 24 മണിക്കൂറിനകമാണ് അമ്മ വീണ്ടും നിലപാട് മാറ്റിയത്.

സെക്രട്ടറി കൂടിയായ സിദ്ദിഖ് പറഞ്ഞ വാക്കുകള്‍ ശരിയാണെന്ന് മറ്റൊരു ഭാരവാഹിയായ ഇടവേള ബാബു തിങ്കളാഴ്ച തന്നെ സ്ഥിരീകരിച്ചതാണ്. പ്രസിഡന്റ് മോഹന്‍ലാല്‍ അറിഞ്ഞാണ് കാര്യങ്ങള്‍ പറയുന്നതെന്ന് സിദ്ദിഖ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നാണ് ഇപ്പോള്‍ സംഘടനയുടെ നിലപാട്.

ഇതോടെ ഡബ്ല്യൂസിസി ഉന്നയിച്ച വിഷയത്തില്‍ അമ്മയുടെ നിലപാട് എന്താണെന്നുള്ള അവ്യക്തത തുടരുകയാണ്. സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങളെല്ലാം അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളിലെ ഭൂരിഭാഗം പേരും തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

വ്യക്തിതാത്പര്യം മുന്‍നിര്‍ത്തി തന്നിഷ്ടപ്രകാരം കെപിഎസി ലളിതയെയും കൂട്ടി സിദ്ദിഖ് മാധ്യമങ്ങളെ കാണുകയായിരുന്നുവെന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നിലപാട്. അമ്മയുടെ ട്രഷറര്‍ കൂടിയായ ജഗദീഷ് തന്നെയാണ് സംഘടനയുടെ ഔദ്യോഗിക വക്താവെന്നും അമ്മയിലെ അംഗങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആരും പരസ്യ നിലപാട് സ്വീകരിക്കാന്‍ തയാറല്ല.

സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ദിലീപ് അമ്മയില്‍ നിന്നും രാജിവച്ച വിവരം പുറത്തായത്. രാവിലെ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. ദിലീപിന്റെ രാജി അംഗീകരിക്കാത്ത സാഹചര്യത്തില്‍ രാജിക്കാര്യം പരസ്യപ്പെടുത്തേണ്ടെന്ന പൊതുനിലപാടാണ് അമ്മയ്ക്കുണ്ടായിരുന്നത്. അതിനാലാണ് വാര്‍ത്താക്കുറിപ്പില്‍ രാജിവിവരം ഒഴിവാക്കിയത്. എന്നാല്‍ സിദ്ദിഖ് ഇത് പരസ്യമാക്കിയതോടെ അമ്മയില്‍ ഭിന്നതയുണ്ടെന്ന് പൊതുസമൂഹത്തില്‍ വ്യക്തമാകുകയും ചെയ്തു.