Breaking News, Movies

എന്തുകൊണ്ട് മഞ്ജു വന്നില്ല; ജഗദീഷിനെ വാര്‍ത്താക്കുറിപ്പിറക്കാന്‍ ആരാണ് ഏര്‍പ്പെടുത്തിയത്; ആര് അഞ്ചരക്കോടി തന്നു?: കെ.പി.എ.സി ലളിതക്കൊപ്പം മാധ്യമങ്ങളെ കണ്ട സിദ്ധിഖിന്റെ മറുചോദ്യങ്ങള്‍

അമ്മ എക്‌സിക്യൂട്ടീവ് അംഗവും സെക്രട്ടറിയുമായ സിദ്ധിഖും ലളിത കലാ അക്കാദമി ചെയര്‍പേഴ്‌സണും നടിയുമായ കെപിഎസി ലളിതയും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡബ്‌ള്യൂ.സി.സി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് മറുപടി നല്‍കിയത്.

ഇതിനിടയില്‍ നിരവധി മറുചോദ്യങ്ങളും സിദ്ധീഖിന്റെ ഭാഗത്തുനിന്നുണ്ടായി. ഡബ്ല്യു.സി.സിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം നടിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സിദ്ധിഖ് ചോദിച്ചു.

മഞ്ജുവാര്യര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാനും ആലോചിച്ചു. മഞ്ജു അമ്മയിലെ അംഗമാണ്. ഞങ്ങളുടെയൊക്കെ നല്ല സുഹൃത്തുമാണ്. മഞ്ജുവുമായിട്ട് എല്ലാ കാര്യവും സംസാരിക്കാറുണ്ട്. നടിയെ ആക്രമിച്ച വിഷയത്തില്‍ മഞ്ജു എന്ത് നിലപാടാണ് എടുത്തിരിക്കുന്നത്.

മഞ്ജു എന്താണ് ഒന്നും മിണ്ടാത്തതെന്ന് എല്ലാവരും ചോദിക്കുന്നില്ലേ? ഇത് തന്നെയാണ് താനും ചോദിക്കുന്നതെന്നും സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ‘മഞ്ജു വിളിക്കാറുണ്ട്. നല്ല അടുപ്പമാണ്. എല്ലാ കാര്യങ്ങളും സംസാരിക്കും. മഞ്ജുവിനെ മുന്നില്‍ കണ്ടുകൊണ്ടല്ലേ അവര്‍ ഡബ്ല്യു.സി.സി രൂപീകരിച്ചതെന്നും സിദ്ധിഖ് ചോദിച്ചു.

ദിലീപ് അമ്മയ്ക്ക് അഞ്ചരക്കോടി രൂപ നല്‍കിയെന്ന നടന്‍ മഹേഷിന്റെ പരാമര്‍ശത്തെകുറിച്ച് ചോദിച്ചപ്പോള്‍ ”ആര് അഞ്ചരക്കോടി തന്നു?, അങ്ങനെയൊന്നും ആര്‍ക്കും നല്‍കാനാകില്ല. അമ്മയ്ക്ക് എല്ലാ അംഗങ്ങളും ഒരുപോലെയാണ്. ദിലീപും ഒരു സാധാരണ അംഗമാണ്. അമ്മ ഒരു സിനിമയെടുത്തപ്പോള്‍ അത് ഏറ്റെടുത്തത് ദിലീപ് ആണെന്നേ ഉള്ളൂ. ദിലീപിന് അമ്മയില്‍ പ്രത്യേകതയൊന്നുമില്ല”, സിദ്ദിഖ് പറഞ്ഞു.

അതേസമയം അമ്മയില്‍ രൂക്ഷമായ ഭിന്നതയെന്ന് സൂചന നല്‍കുന്നതുകൂടിയായിരുന്നു സിദ്ദിഖിന്റെ വാര്‍ത്താ സമ്മേളനം. അമ്മയുടെ വക്താവ് എന്ന നിലയില്‍ ഇന്ന് രാവിലെ നടന്‍ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിനെ സിദ്ദിഖ് പാടെ തള്ളി. ജഗദീഷ് പറഞ്ഞതിനെ കുറിച്ചറിയില്ല.

വാര്‍ത്താക്കുറിപ്പ് പുറത്തിറക്കാന്‍ ആരാണ് ജഗദീഷിനെ ചുമതലപ്പെടുത്തിയതെന്ന് അറിയില്ല. സംഘടനയുടെ ഖജാന്‍ജി മാത്രമാണ് അദ്ദേഹമെന്ന് സിദ്ദിഖ് വ്യക്തമാക്കി. മോഹന്‍ലാല്‍, മമ്മൂട്ടി, ഗണേശ് കുമാര്‍, ഇടവേള ബാബു എന്നിവരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് താന്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തതെന്ന് സിദ്ദിഖ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സിദ്ധിഖും കെപിഎസി ലളിതയും പറഞ്ഞ കാര്യങ്ങള്‍…

മോഹന്‍ലാല്‍ നടിമാരെന്ന് വിളിച്ചെന്ന് വിമര്‍ശിക്കുന്നതായി കണ്ടു. അതിലെന്താണ് തെറ്റ് ഇത്തരം ആരോപണങ്ങള്‍ ബാലിശമാണ്. കഴിഞ്ഞ പത്താം തിയതി ദിലീപ് രാജി കത്ത് എഴുതി നല്‍കിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടത്. പുറത്ത് പോയ നാല് നടിമാരേക്കാള്‍ നാനൂറ് പേരടങ്ങുന്ന സംഘടനയാണ് അമ്മ.

സംഘടനയിലെ ഭൂരിപക്ഷവും അത്ര സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതവരാണ്. അവരെ സഹായിക്കാനാണ് അവരുടെ ആവശ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് അമ്മ പ്രവര്‍ത്തിക്കുന്നത്. അതല്ലാതെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരുടെ അവസരം കളയുന്നതല്ല ഞങ്ങളുടെ ജോലി. 26 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടി ഓടികയറിവന്നു ഞാനവളെ രക്ഷിച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനത്തില്‍ പറയുന്ന കേട്ടു. അതേത് സിനിമയുടെ സെറ്റില്‍ വച്ചാണ് അത് സംഭവിച്ചത് എന്ന് പറയണം. ആരായിരുന്നു സംവിധായകന്‍ ആരായിരുന്നു നിര്‍മ്മാതാവ് അതു പറയണം. ഞങ്ങള്‍ അന്വേഷിക്കാം നടപടിയെടുക്കാം. കേസെടുക്കാന്‍ മുന്നില്‍ നില്‍ക്കാം.

മോഹന്‍ലാലിനെതിരെ എന്തിനാണ് ഇവര്‍ ഇങ്ങനെ ആക്രമിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചിട്ടാണ് മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിന് പോയത്. അത് തടയാന്‍ ഇവര്‍ വ്യാജഒപ്പിട്ട് മെമ്മോറാണ്ടം തയ്യാറാക്കി അയച്ചു. എന്നിട്ട് എങ്ങനെയാണ് മോഹന്‍ലാലിനെ ജനങ്ങള്‍ സ്വീകരിച്ചതെന്ന് നമ്മള്‍ കണ്ടു. മമ്മൂട്ടി എന്ന നടനെതിരെ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ എത്രയോ പേരുടെ ചീത്തയാണ് ആ നടി കേട്ടത്.

ആ തെറി പറയുന്നവരെ മമ്മൂട്ടി തടയണം എന്നാണ് അവര്‍ പറയുന്നത്. അതില്‍ നിന്നും പാഠം പഠിക്കുകയല്ലേ ചെയ്യേണ്ടത്. ആ സംഘടനയുടെ സോഷ്യല്‍മീഡിയ പേജ് കൈകാര്യം ചെയ്യുന്ന സഹോദരി പറഞ്ഞത് തെറിവിളി കാരണം നില്‍ക്കാന്‍ വയ്യെന്നാണ്. ജനങ്ങളുടെ വെറുപ്പ് എത്രത്തോളമാണെന്ന് ഇനിയും തിരിച്ചറിയാന്‍ സാധിക്കാത്തതിന്റെ പ്രശ്‌നമാണ്. ഞാനൊരു പൊതുപരിപാടിയ്ക്ക് പോയാല്‍ ആളുകള്‍ കൂക്കി വിളിക്കുകയും തെറി വിളിക്കുകയും ചെയ്താല്‍ അതിനര്‍ത്ഥം ആ ജനങ്ങള്‍ക്ക് ഞാന്‍ സ്വീകാര്യനല്ലെന്ന് എനിക്ക് മനസ്സിലാവും.

മോഹന്‍ലാലിനേയോ മമ്മൂട്ടിയേയോ ദിലീപിനേയോ ജനങ്ങളുടെ മനസ്സില്‍ നിന്നും പറിച്ചു കളയാന്‍ മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ നടക്കില്ല. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു നടി ക്രൂരമായ ആക്രമണത്തിന് ഇരയായി. തന്നെ അക്രമിച്ചവരെ അവള്‍ തിരിച്ചറിഞ്ഞു. അവരിപ്പോള്‍ ജയിലിലാണ് ആ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി മൂന്ന് മാസം കഴിഞ്ഞ് വിളിച്ചു പറഞ്ഞ പേരാണ് ദിലീപിന്റേത്. അതിന്റെ പേരില്‍ ദിലീപിനെ റേപ്പിസ്റ്റ് എന്നാണ് ഒരു നടി വിളിച്ചത്. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ് കുറ്റക്കാരന്‍ ആണെന്ന് കോടതി പറഞ്ഞിട്ടില്ല. ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്‌പോള്‍ മിനിമം മര്യാദ വേണം.

സംഘടനയുടെ അംഗമായവര്‍ സംഘടനയേയും അധ്യക്ഷനേയും അപമാനിക്കുന്നത് അംഗീകരിക്കില്ല. ഇവര്‍ക്കെതിരെ സംഘടന കര്‍ശന നടപടിയെടുക്കും. രാജിവച്ചു പോയവര്‍ പുറത്തു പോയത് തന്നെയാണ് അവരെ ഇനി തിരിച്ചെടുക്കില്ല. അല്ലെങ്കില്‍ അവര്‍ അപേക്ഷിക്കണം. ഒരു വ്യക്തിയും സംഘടനേയാക്കള്‍ വലുതല്ല. നാല് പേരാക്കാള്‍ വലുതാണ് നാന്നൂറ് പേരുള്ള സംഘടന. പുറത്തു പോയവര്‍ പുറത്തു പോയവര്‍ തന്നെയാണ്. പരാതികളുണ്ടെങ്കില്‍ സംഘടനയില്‍ വരാം. അവിടെ വന്ന് പരാതി പറയാം. മോഹന്‍ലാല്‍ നടിയെന്ന് വിളിച്ച് ആക്ഷേപിച്ച നടി 24 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും അമ്മ ജനറല്‍ ബോഡി യോഗത്തിന് വന്നിട്ടില്ല. ഒരു കാര്യം പറഞ്ഞിട്ടില്ല.

സിനിമയില്‍ ആണ്‍പെണ്‍ വേര്‍തിരിവ് ഇല്ല. അവസരങ്ങള്‍ വളരെ കുറഞ്ഞ വരുമാനം ഇല്ലാത്ത ഒരുപാട് പേര്‍ സംഘടനയിലുണ്ട്. ഇപ്പോള്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രതിഷേധിക്കുന്നവര്‍ താരത്മ്യേന നല്ല അവസരവും വരുമാനവും ഉള്ളവരാണ്. എന്നാല്‍ സിനിമയില്‍ ഭൂരിപക്ഷം പേരും ഇങ്ങനെ അവസരങ്ങള്‍ ഇല്ലാത്തവരാണ്. അവരെ സംരക്ഷിക്കുകയാണ് അമ്മയുടെ പ്രധാനദൗത്യം. നടിമാരുടെ പ്രസ്താവനയില്‍ വേദനിച്ച ഒരുപാട് അംഗങ്ങള്‍ അതിനു മറുപടി പറയാന്‍ ഒരുന്‌പെട്ട് ഇറങ്ങിയപ്പോള്‍ അതിനെ തടയുകയാണ് ഞങ്ങള്‍ ചെയ്തതത്.

വെറുതെ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ് ഇതൊക്കെ. അമ്മയുടെ കെട്ടുറപ്പിനെ ഇതൊന്നും ബാധിക്കില്ല. ജനറല്‍ ബോഡി ഉടനെ വിളിച്ചു ചേര്‍ക്കില്ല. ജൂണ്‍ അവസാനം മാത്രമേ അമ്മയുടെ ജനറല്‍ ബോഡി ഇനി ചേരുകയുള്ളൂ. അടിയന്തരമായി ജനറല്‍ ബോഡി ചേരണമെങ്കില്‍ മൂന്നില്‍ ഒന്ന് അംഗങ്ങളും ആ കാര്യം ആവശ്യപ്പെടണം. ദിലീപ് തന്റെ അവസരം മുടക്കിയെന്ന് നടിക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യം അവര്‍ തുറന്നു പറയണം. ഏത് സംവിധായകനോടാണ് ഏത് നിര്‍മ്മാതാവിനോടാണ് നടിയെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണം. അവസരം മുടക്കി എന്നൊക്കെയുള്ള ആരോപണങ്ങള്‍ മാത്രമാണ് എല്ലാവരും പറയുന്നത് ഇതില്‍ വ്യക്തത വേണം. ക്യത്യമായി കാര്യങ്ങള്‍ പറയട്ടെ ഞങ്ങള്‍ പ്രതികരിക്കും നടപടിയെടുക്കും.

25 വര്‍ഷമായി അമ്മ സംഘടന നിലവില്‍ വന്നിട്ട്. പല ജനറല്‍ ബോഡികളിലും തിരഞ്ഞെടപ്പില്‍ മത്സരിക്കാന്‍ പോലും ആളെ കിട്ടാറില്ല. അധികാരത്തിന് വേണ്ടിയൊരു പിടിവലിയോ ബഹളങ്ങളോ ഒന്നും ഇവിടെ ഉണ്ടായിട്ടില്ല. വിമര്‍ശനത്തിനും അഭിപ്രായം പറയാനുമെല്ലാം അതിനകത്ത് അവസരമുണ്ട്. സ്‌നേഹത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകുന്ന സംഘടനയാണ് അമ്മ. നാല് പേര്‍ പുറത്തു പോയാലും അവിടെ നാന്നൂറ് പേര്‍ അകത്തുണ്ട്. മോഹന്‍ലാലൊക്കെ ആരാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്കറിയാം. ഓര്‍മവച്ചകാലം മുതല്‍ മോഹന്‍ലാലിനെ കണ്ടു വളര്‍ന്നവരാണ് ഇവിടെയുള്ള യുവാക്കള്‍. എല്ലാവര്‍ക്കും മോഹന്‍ലാലും മമ്മൂട്ടിയുമായി മാറില്ല. ഇവരൊന്നും വിചാരിച്ചാല്‍ ലാലിനെ തൊടാനാവില്ല.