സംഘപരിവാര്‍ ഭീഷണിയെ ഭയമില്ല; ശബരിമലയില്‍ പോകുമെന്ന് കണ്ണൂര്‍ സ്വദേശി രേഷ്മ

single-img
15 October 2018

കണ്ണൂര്‍ കണ്ണപുരം സ്വദേശിയും അധ്യാപികയുമായ രേഷ്മ നിശാന്ത് അയ്യപ്പ ദര്‍ശനത്തിനായുള്ള വ്രതത്തിലാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേഷ്മ മലചവിട്ടുന്ന കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ യാത്രക്ക് സര്‍ക്കാരിന്റേയും പൊതു സമൂഹത്തിന്റേയും പൂര്‍ണ്ണ പിന്തുണ ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റിട്ടത്.

അയ്യപ്പനെ കാണാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും കോടതി വിധി അനുകൂലമായ സാഹചര്യത്തില്‍ ഒരു വിശ്വാസിയായ താന്‍ മലചവിട്ടാന്‍ തയ്യാറാകുന്നതോടെ ലക്ഷക്കണക്കിന് വരുന്ന യുവതികള്‍ക്ക് ശബരിമല കയറാനുള്ള ഊര്‍ജമാകും എന്ന വിശ്വാസമാണ് രേഷ്മ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വെയ്ക്കുന്നത്.

മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെ മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികള്‍ വെടിഞ്ഞ്, ഭര്‍തൃ സാമീപ്യത്തില്‍ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച് മലക്ക് പോകാനാണ് തയ്യാറെടുപ്പ്. അതേസമയം തന്നെ മലചവിട്ടാന്‍ സമ്മതിക്കില്ലെന്നു പ്രതിഷേധക്കാര്‍ പറഞ്ഞതായി രേശ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘എല്ലാവരും മദ്യലഹരിയിലായിരുന്നു. അയ്യപ്പ ഭക്തരെന്ന് തോന്നിക്കുന്ന ആള്‍ക്കൂട്ടം മുക്കാല്‍ മണിക്കൂറോളം അയ്യപ്പശരണം വിളികളുമായി വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു’; രേശ്മ പറഞ്ഞു
ഒരു കാരണവശാലും ശബരിമലയിലെത്തി മലചവിട്ടാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞതായി അവര്‍ വിശദീകരിച്ചു. വിശ്വാസികളായ പെണ്‍ സമൂഹം തന്റെ തീരുമാനത്തെ പിന്തുണക്കുമെന്നാണ് താന്‍ കരുതുന്നതെന്നു രേശ്മ പറഞ്ഞു.

രേഷ്മ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വര്‍ഷങ്ങളായി മാലയിടാതെ, മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്, പോകാന്‍ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തില്‍ അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. വിപ്ലവമായിട്ടല്ലെങ്കില്‍ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് ശബരിമല കയറാനുള്ള ഊര്‍ജമാവും എന്ന് തന്നെ കരുതുന്നു. മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്,41 ദിവസം വ്രതം അനുഷ്ഠിച്ച്,മത്സ്യ മാംസാദികള്‍ വെടിഞ്ഞ്, ഭര്‍തൃസാമീപ്യത്തില്‍ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകള്‍ മാത്രം മനസില്‍ നിറച്ച്, ഇരുമുടികെട്ടു നിറച്ച്.

ആര്‍ത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ, വിയര്‍പ്പുപോലെ, മലമൂത്ര വിസര്‍ജ്യം പോലെശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളല്‍ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂര്‍ണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.. വിശ്വാസത്തില്‍ ആണ്‍ പെണ്‍ വേര്‍തിരിവുകളില്ല. തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയില്‍ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യര്‍ത്ഥിക്കുന്നു.