എന്റെ ഭര്‍ത്താവ് സംവിധാനം ചെയ്ത ഒരു പടത്തില്‍ ആദ്യം അഭിനയിച്ച കുട്ടിക്ക് പകരം ആ വേഷത്തില്‍ അഭിനയിച്ച ആളാണ് ഇപ്പോള്‍ മോഹന്‍ലാല്‍ നടിയെന്ന് വിളിച്ചതില്‍ പരാതി പറഞ്ഞത്: കെപിഎസി ലളിത

single-img
15 October 2018

സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും പീഡനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും, വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനൊന്നും ഇപ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും നടി കെപിഎസി ലളിത. നടി എന്ന് വിളിച്ചത് അപമാനമായി എന്നുപറഞ്ഞ നടിക്ക് സിനിമയില്‍ നിന്ന് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

പ്രായമായാല്‍ കിട്ടുന്ന വേഷങ്ങള്‍ ഒക്കെ ചെയ്യണം. മുമ്പ് ചെയ്തതു പോലുള്ള വേഷങ്ങള്‍ ചിലപ്പോള്‍ കിട്ടിയെന്ന് വരില്ല. കിട്ടുന്ന വേഷം ചെയ്യണമെന്നും കിട്ടുന്നത് കൊണ്ട് സംതൃപ്തരാകണമെന്നും കെപിഎസി ലളിത പറഞ്ഞു. തെറ്റുചെയ്തവര്‍ വന്ന് മാപ്പു പറഞ്ഞ് ഞങ്ങള്‍ ചെയ്തത് തെറ്റിപ്പോയെന്ന് സമ്മതിച്ചാല്‍ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്നും ക്ഷമ പറഞ്ഞിട്ട് അകത്ത് കയറാവുന്നതേയുള്ളൂവെന്നും കെപിഎസി ലളിത പറഞ്ഞു.

എന്റെ ഭര്‍ത്താവ് സംവിധാനം ചെയ്ത ഒരു പടത്തില്‍ ആദ്യം അഭിനയിച്ച കുട്ടിക്ക് അഭിനയിക്കാന്‍ പറ്റാത്തത് കാരണം ആ വേഷത്തില്‍ അഭിനയിച്ച ആളാണ് ഇപ്പോള്‍ മോഹന്‍ലാല്‍ നടിയെന്ന് വിളിച്ചതില്‍ പരാതി പറഞ്ഞത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഭൂകമ്പമുണ്ടാക്കി എല്ലാവര്‍ക്കും കൈക്കൊട്ടി ചിരിക്കാന്‍ എന്തിനാണ് തുനിയുന്നത്.

എല്ലാവരും ചിരിക്കാനായി നോക്കിയിരിക്കുകയാണ്. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല. നിരവധി അവാര്‍ഡുകള്‍ നേടിയ ആളും കേണലുമൊക്കെയാണ്. ബഹുമാനത്തോട് കൂടി അഭിസംബോധ ചെയ്യേണ്ട ആളാണ് അദ്ദേഹം. നടിയെന്ന് വിളിച്ചതില്‍ പരാതി പറയുന്നതില്‍ കഴമ്പില്ലെന്നും അവര്‍ പറഞ്ഞു. സിദ്ദീഖിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.