മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, ലാല്‍ജോസ്, തുടങ്ങിയവര്‍ക്കൊപ്പം ജോലി ചെയ്തപ്പോഴുണ്ടായ എന്റെ അനുഭവം ഇതാണ്; ‘മീ ടൂ’വിനിടെ സഹസംവിധായിക ഐഷ സുല്‍ത്താനയുടെ കുറിപ്പ് വൈറല്‍

single-img
15 October 2018

മീ ടൂ വെളിപ്പെടുത്തലുകളില്‍ തകര്‍ന്ന് വീണുടഞ്ഞുകൊണ്ടിരിക്കുകയാണ് സിനിമയിലേയും കായികരംഗത്തേയും സാഹിത്യലോകത്തേയും മാധ്യമരംഗത്തേയും പല വിഗ്രഹങ്ങളും. നടന്‍ മുകേഷിനെതിരായ വെളിപ്പെടുത്തല്‍ മലയാള സിനിമയ്ക്കും ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

നടി അര്‍ച്ചന പദ്മിനിയുടെയും സഹസംവിധായിക അനു ചന്ദ്രയുടെയും വെളിപ്പെടുത്തലുകളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മലയാള സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാക്കുമ്പോള്‍ സ്വന്തം അനുഭവം പറയുകയാണ് സഹസംവിധായികയായ ഐഷ സുല്‍ത്താന.

ഐഷയുടെ കുറിപ്പ് വായിക്കാം

എനിക്ക് ചിലത് പറയാനുണ്ട്: ഞാന്‍ 2008ല്‍ ആണ് ലക്ഷദ്വീപില്‍ നിന്നും കേരളത്തില്‍ എത്തുന്നത് അന്ന് മുതല്‍ ഞാന്‍ ചാനലുകളില്‍ വര്‍ക് ചെയ്തത് തുടങ്ങി. ആര്‍ജെ, വിജെ, മോഡലിങ്, ആക്ടിങ്, പ്രോഗ്രാം പ്രൊഡ്യൂസര്‍ പിന്നെ സ്വന്തമായി ഒരു അഡ്വടൈസിങ് ഫേം കൂടി ഓപ്പണ്‍ ചെയ്തു, അതിനു ശേഷമാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ് ജോലി ചെയ്യാന്‍ തുടങ്ങിയത്.

2008 മുതല്‍ ഈ ദിവസം വരെ രാത്രിയും പകലും ഞാന്‍ വര്‍ക്കേ ചെയ്തിരുന്നത് ആണുങ്ങളുടെ കൂടെ ആണ്, എന്റെ ഓഫിസിലെ സ്റ്റാഫ് എല്ലാം തന്നെ ആണുങ്ങള്‍ ആയിരുന്നു… ഇപ്പോഴും ഞാന്‍ വര്‍ക്ക് ചെയ്യുന്നത് ഡയറക്ഷന്‍ വിഭാഗത്തില്‍ ആണ്, ഒട്ടുമുക്കാല്‍ ദിവസങ്ങളിലും പകലും രാത്രിയും ഷൂട്ടില്‍ ഞാന്‍ മാത്രമായിരിക്കും ഒരു പെണ്‍കുട്ടി ആ ലൊക്കേഷനില്‍ ഉണ്ടാവുന്നത്, ഇത് ഇത്രയും ഞാന്‍ ആദ്യമേ പറഞ്ഞത് ഇനി കാര്യത്തിലേക്ക് കടക്കാം.

രണ്ട് പെണ്‍കുട്ടികള്‍ സഹ സംവിധാനം ചെയ്യാന്‍ ചെന്നപ്പോള്‍ ലൊക്കേഷനില്‍ വെച്ച് അവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായി എന്നും പറഞ്ഞു വാര്‍ത്തകള്‍ കണ്ടിരുന്നു, ചേച്ചിമാരെ അനിയത്തിമ്മാരെ പുതിയ സഹ സംവിധായികമാരെ നിങ്ങളെ പോലെ തന്നെ ഒരു പെണ്‍കുട്ടിയാണ് ഞാനും, ഇന്നുവരെ എനിക് ഒരു ദുരനുഭവം പോലും ലൊക്കേഷനില്‍ ഉണ്ടായിട്ടില്ല, ഇതേ ആണുങ്ങളുടെ കൂടെയാ ഞാനും വര്‍ക്ക് ചെയ്യുന്നത്, ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളിലെ സംവിധായകര്‍ എന്നോട് ആദരവോട് കൂടിയാണ് ഇത്രവരെ എന്നോട് പെരുമാറിയത്, കൂടെ വര്‍ക് ചെയ്യുന്ന അസിസ്റ്റ്ന്റ് അസോസിയേറ്റ് ഒക്കെ വളരെ നല്ല രീതിയില്‍ ആണ് പെരുമാറുന്നത്.

ഈ സഹ സംവിധായിക പറഞ്ഞപോലെ പ്രശ്‌നക്കാര്‍ ആണ് ഇക്കൂട്ടര്‍ എങ്കില്‍ ഒരു ലൊക്കേഷനില്‍ വെച്ചെങ്കിലും എനിക്കും ഒരു ദുരനുഭവം വന്നേനെ അല്ലേ? ലാല്‍ജോസ് സാറിന്റെ ലൊക്കേഷനില്‍ സാറിന്റെ അസിസ്റ്റന്റിനെ സാര്‍ എന്നും ഇപ്പോഴും കൂടെ ചേര്‍ത്തുനിര്‍ത്തിട്ടെ ഉള്ളൂ ആണിനെയും പെണ്ണിനെയും തുല്യമായിട്ടെ സാര്‍ കണ്ടിട്ടുള്ളൂ,.

സേതു സാറിന്റെ ലൊക്കേഷനില്‍ ഒരുപാട് ആദരവോടെയാണ് സാര്‍ എന്നോട് സംസാരിച്ചിരുന്നത്, പെരുമാറിയിരുന്നത്…ശരത് സാറിന്റെ ലൊക്കേഷനില്‍ ഹോസ്പിറ്റാലിറ്റി അത്രയും കൂടുതല്‍ ആയിരുന്നു…വെളിപാടിന്റെ പുസ്തകം ചെയ്യുമ്പോള്‍ ഞാന്‍ ക്രൗഡ് കണ്‍ട്രോള്‍ ചെയ്യുന്നത് കണ്ടിട്ട് എന്നോട് ലാലേട്ടന്‍ ചോദിച്ചു നീ എവിടെയാ പഠിപ്പിച്ചത് എന്ന്, ഞാന്‍ പറഞ്ഞു ട്രിവാന്‍ഡ്രം യൂണിവേഴ്‌സിറ്റി കോളേജില്‍ ആണെന്ന്,,, ‘അതാണ്’ എന്ന് ലാലേട്ടന്‍ പറഞ്ഞു, കൂടാതെ,,, വര്‍ക് ചെയ്യാനുള്ള ഈ സ്പിരിറ്റ് നിന്നില്‍ ഇപ്പോഴും ഉണ്ടാവണം എന്നുകൂടി കൂട്ടി ചേര്‍ത്തു..

പ്രസന്ന മാസ്റ്റര്‍ തമാശയ്ക് ഐഷയ്ക്ക് അഭിനയിചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്‍ കൊടുത്ത മറുപടി ‘എന്തിനാ’? അവള്‍ ചെയ്യുന്ന ജോലി ഭംഗിയായി ചെയ്യുന്നുണ്ട് അത് മതി എന്ന് ലാലേട്ടന്‍ പറയുമ്പോള്‍ എനിക്ക് അവാര്‍ഡ് കിട്ടിയ പ്രതീതി ആയിരുന്നു.

ഒരിക്കല്‍ മമ്മൂക്ക കേള്‍ക്കെ പ്രായത്തിനു മൂത്തൊരാള്‍ എന്നെ ‘എടി നീ പോയി ആ സാധനം എടുത്തോണ്ട് വന്നെ’ എന്ന് പറഞ്ഞു, എന്നെ ‘എടി നീ’ എന്ന് വിളിച്ചതിന് ആ വ്യക്തിയെ മമ്മൂക്ക ഉടനെ വിളിച്ചിട്ട്, ‘സഹോദരാ ഐഷയെ പേരുപറഞ്ഞ് വിളിക്കു ഇല്ലേല്‍ മോളെന്നു വിളിക്ക് റെസ്‌പെക്ട് വുമന്‍’ എന്ന് പറയുന്നത് ഞാന്‍ കേട്ടതാണ്…

ഒരുദിവസം ഞാന്‍ ലൊക്കേഷനില്‍ പോവതിരുന്നപ്പോള്‍ അടുത്തദിവസം ലൊക്കേഷനില്‍ എത്തിയ എന്നെ മമ്മൂക്ക വിളിച്ചിട്ട് എന്താണ് ഇന്നലെ വരാതിരുന്നത് എന്ന് ചോദിച്ചു ‘ ഇന്നലെ കൂരെ അധികം വൈയിലു കൊണ്ടപ്പോള്‍ ക്ഷീണം തോന്നിയിട്ട് റസ്റ്റ് എടുത്തതെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ ‘നിന്നെ ഇവിടെ ആരും പെണ്ണായിട്ട് കാണുന്നില്ല അതുകൊണ്ട് എത്ര വൈയില്‍ ആയാലും മഴ ആയാലും ആണുങ്ങള്‍ പണിയെടുക്കുന്ന പോലെ നീയും പണിയെടുക്കണം’ എന്നാണ് മമ്മൂക്ക പറഞ്ഞത്,,,, ഇതും എനിക്ക് കിട്ടിയൊരു അവാര്‍ഡ് ആണ് മമ്മൂക്കയുടെ ഈ വാക്കുകള്‍,,, മടിയത്തി ആവാതിരികാന്‍ പണിയെടുക്കാന്‍ പ്രേരിപ്പിച്ച ആളാണ് മമ്മൂക്ക….

മോള്‍ എന്നെ വാപ്പച്ചി എന്ന് വിളിക്ക് എന്ന് പറഞ്ഞ വ്യക്തിയാണ് നടന്‍ സിദ്ദിഖ് (എന്റെ വാപ്പചി). ഇനി ഒപ്പം വര്‍ക് ചെയ്ത അസിസ്റ്റ്ന്റ് അസോസിയേറ്റ് ഇവരില്‍ നിന്നൊന്നും ഇന്നുവരെയും ഒരു നോട്ടം കൊണ്ട് പോലും എനിക്ക് ഒരു അസസ്ഥതയും ഇത് വരെ ഉണ്ടായിട്ടില്ല യൂണിറ്റിലെ ചേട്ടന്മാര്‍ പോലും രാത്രി ഷൂട്ട് ചെയ്യുന്ന സമയത്ത് എന്നെ സുരക്ഷിതയാക്കാതെ ശ്രമിച്ചിട്ടൊള്ളൂ…

ഇത് എന്റെ അനുഭവം ആണ്… ഞാന്‍ മനസ്സിലാക്കിയ ഒരു സത്യം നമ്മള്‍ എന്ത് എങ്ങനെ പെരുമാറുന്നു എന്നത് പോലെ ഇരിക്കും തിരിച്ചുള്ള ആളുകളുടെ പെരുമാറ്റം,,, ആ സഹോദരി പറഞ്ഞൊരു കാര്യം വീടില്‍ നിന്നും എന്ത് വിശ്വസിച്ചാണ് സിനിമയില്‍ സഹസംവിധായിക ആവാന്‍ ഇറങ്ങാന്‍ സാധിക്കുക, ഇങ്ങനെ ഇത്രയും മോശമായല്ലേ ആണുങ്ങള്‍ പെരുമാറുന്നതെന്ന്:

ഇതിന് ഒരു സഹ സംവിധായിക ആയ ഞാന്‍ സഹോദരിക്ക് തരുന്ന മറുപടി : Attitude, behavior, self respect, dedication ഇത് നാലും നമ്മളില്‍ കറക്ട് ആയാല്‍ നമ്മള്‍ക്ക് എവിടെയും ആദരവ് കിട്ടും… ഇത് എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്…