പാസ്‌പോര്‍ട്ട് തിരുത്തി 15കാരിയെ ദുബായിലെത്തിച്ച് പെണ്‍വാണിഭം; സ്ത്രീയടക്കം മൂന്ന് പ്രവാസികള്‍ക്ക് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ

single-img
15 October 2018

15 വയസുള്ള പെണ്‍കുട്ടിയെ ദുബായിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ മൂന്ന് പേര്‍ക്ക് ദുബായ് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബാറിലെ നര്‍ത്തകിയായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ കൊണ്ടുവന്നത്. ഇതിനായി കുട്ടിയുടെ പാസ്‌പോര്‍ട്ട് പ്രതികള്‍ തിരുത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഇക്കഴിഞ്ഞ ജൂലൈയില്‍ ദുബായ് പ്രാഥമിക കോടതി പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി അഞ്ചു വര്‍ഷം തടവും 20,000 ദിര്‍ഹം പിഴയും വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് 32, 38 വയസ്സുള്ള പുരുഷന്‍മാരും 27 വയസ്സുള്ള സ്ത്രീയും ദുബായ് അപ്പീല്‍ കോടതിയെ സമീപിച്ചു.

ശിക്ഷ കുറയ്ക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, തടവു ശിക്ഷ ശരിവച്ച കോടതി പിഴ ഒഴിവാക്കി പ്രതികളെ നാടുകടത്താനും ഉത്തരവിട്ടു. പെണ്‍വാണിഭത്തില്‍ പങ്കാളിയായ 25 വയസ്സുള്ള മറ്റൊരു പാക്ക് യുവതിയുടെ അപ്പീലും കോടതി തള്ളി. മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു ശേഷം ഇവരെയും നാടുകടത്താന്‍ ഉത്തരവിട്ടു. നാലു പേരും അപ്പീല്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ടവരെല്ലാം പാകിസ്ഥാന്‍ പൗരന്മാരാണ്.

ജനുവരിയില്‍ 27 വയസ്സുള്ള യുവതിയാണ് പെണ്‍കുട്ടിയെ ഫോണിലൂടെ ബന്ധപ്പെട്ട് ദുബായിലെ നൈറ്റ്ക്ലബില്‍ ഡാന്‍സറുടെ ജോലി നല്‍കാമെന്ന് വാഗ്ദാനം നടത്തിയത്. ഇതിനോട് പെണ്‍കുട്ടി താല്‍പര്യം കാണിക്കുകയും ചെയ്തു. തുടര്‍ന്ന് 32 വയസ്സുള്ള പാക്ക് ക്ലര്‍ക്കും സുഹൃത്തും പാക്കിസ്ഥാനില്‍ ചെന്ന് പെണ്‍കുട്ടിയുടെ രണ്ടാനച്ഛനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു.

ദുബായില്‍ നൈറ്റ് ക്ലബില്‍ ഡാന്‍സര്‍ ആയി പോകാന്‍ രണ്ടാനച്ഛന്‍ സമ്മതിക്കുകയും ചെയ്തു. 32 വയസ്സുള്ള പാക്ക് പൗരന്‍ തന്നെയാണ് പെണ്‍കുട്ടിയുടെ യാത്രാ രേഖകള്‍ ശരിയാക്കുകയും ദുബായില്‍ എത്തിച്ച് നൈഫിലെ ഫ്‌ലാറ്റില്‍ താമസിപ്പിക്കുകയും ചെയ്തത്.

ദുബായില്‍ എത്തിക്കഴിഞ്ഞപ്പോഴാണ് താന്‍ ഡാന്‍സര്‍ അല്ലെന്നും പെണ്‍വാണിഭമാണ് ചെയ്യേണ്ടതെന്നും പെണ്‍കുട്ടിക്ക് മനസിലായത്. ഇതിന് തയാറാകാതിരുന്ന പെണ്‍കുട്ടി തന്നെ തിരികെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനു അവിടെയുള്ളവര്‍ സമ്മതിച്ചില്ല. പെണ്‍കുട്ടിയെ ദുബായില്‍ എത്തിക്കാന്‍ ചെലവായ പണം തിരികെ നല്‍കണമെന്ന് പറഞ്ഞു. മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ പ്രതികളുടെ ആവശ്യത്തിന് വഴങ്ങേണ്ടി വന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു

ദുബായ് പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ ഫ്‌ലാറ്റില്‍ നിന്നും രക്ഷിച്ചത്. ഈ അപാര്‍ട്ട്‌മെന്റ് പെണ്‍വാണിഭകേന്ദ്രമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും വ്യക്തമായി. ആവശ്യക്കാരന്‍ എന്ന വ്യാജേന ദുബായ് പൊലീസ് സംഘത്തിലെ അംഗം എത്തുകയും അപാര്‍ട്ട്‌മെന്റ് റെയ്ഡ് ചെയ്യുകയുമായിരുന്നു.

ഈ സമയമാണ് 25 വയസ്സുള്ള പാക്ക് യുവതിയെയും 32, 38 വയസ്സുള്ള പുരുഷന്‍മാരെയും പിടികൂടിയത്. തന്ത്രപൂര്‍വം നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് പ്രതികള്‍ കുടുങ്ങിയതെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.