ചേകന്നൂര്‍ മൗലവി കേസ്: ഒന്നാം പ്രതിയെ കോടതി വെറുതേവിട്ടു

single-img
15 October 2018

ചേകന്നൂര്‍ മൗലവി തിരോധാനക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മൗലവിയെ വധിച്ചു എന്നത് അനുമാനം മാത്രമെന്ന് കോടതി നിരീക്ഷിച്ചു.

ഇരട്ട ജീവപര്യന്തമാണ് ഹംസക്ക് സി.ബി.ഐ കോടതി വിധിച്ചത്. എട്ട് പ്രതികളെ നേരത്തെ വെറുതെവിട്ടിരുന്നു. ഇപ്പോള്‍ ഒന്നാം പ്രതിയെയും കോടതി വെറുതെവിട്ടു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും സ്വതന്ത്രരായി. മറ്റ് പ്രതികളെ വെറുതെവിട്ടപ്പോഴും ഒന്നാംപ്രതിക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു എന്നായിരുന്നു സി.ബി.ഐ കോടതിയുടെ നിരീക്ഷണം.

എന്നാല്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും ചേകന്നൂര്‍ മൗലവിയുടെ മരണം സംബന്ധിച്ച് വ്യക്തതയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന് 25 വര്‍ഷം പഴക്കമുണ്ട്.

1993 ജൂലൈ 29ന് മത പ്രഭാഷണത്തിന് ക്ഷണിക്കാനെന്ന വ്യാജേന എത്തിയ സംഘം ചേകന്നൂര്‍ മൗലവിയെ വീട്ടില്‍ നിന്നും കൂട്ടികൊണ്ട് പോവുകയായിരുന്നു. പിന്നീട് മൗലവിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. യാഥാസ്ഥിക മതമൗലിക വാദികളുടെ ഭീഷണി നേരത്തെ തന്നെയുണ്ടായിരുന്നതിനാല്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബവും സഹപ്രവര്‍ത്തകരും രംഗത്തെത്തി.

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സിബിഐ ഏറ്റെടുത്തിരുന്നു. കൊലപാതകം തെളിയിക്കാനായെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. പത്ത് പേരെ പ്രതിചേര്‍ത്ത കേസില്‍ ശിക്ഷ ലഭിച്ചത് ഹംസയ്ക്ക് മാത്രമാണ്.