അലൻസിയറിനെതിരേ ലൈംഗികാരോപണം; ഒന്നിലേറെ തവണ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് നടിയുടെ വെളിപ്പെടുത്തൽ

single-img
15 October 2018

കൊച്ചി: നടൻ അലൻസിയറിനെതിരേ മീ ടു ആരോപണം. നടൻ ഒന്നിലേറെ തവണ പിഡീപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന വെബ്‌സൈറ്റിൽ എഴുതിയ ലേഖനത്തിലൂടെയാണ് പേര് വയ്ക്കാതെ നടിയുടെ തുറന്നുപറച്ചിൽ.

സിനിമയിൽ തുടക്കക്കാരിയാണ്. സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുന്നവളാണ്. അതുകൊണ്ടാണ് പേര് വെളിപ്പെടുത്താൻ സാധിക്കാത്തതെന്നും അവർ വ്യക്തമാക്കുന്നു. തന്‍റെ നാലാമത്തെ ചിത്രത്തിലാണ് അലൻസിയറിനൊപ്പം അഭിനയിക്കുന്നത്. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ലൈംഗികാക്രമണം നേരിട്ടത്.

പ്രലോഭനങ്ങളുമായാണ് ആദ്യ ഘട്ടത്തിൽ അലൻസിയർ എന്നെ സമീപിച്ചത്. പിന്നീട് ഒരിക്കൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അലൻസിയർ തന്‍റെ മാറിലേക്ക് നോക്കി അശ്ലീലം നിറയുന്ന തരത്തിൽ സംസാരിച്ചു. ഒരു തിയെറ്റർ ആർട്ടിസ്റ്റ് എങ്ങനെ ശരീരത്തെ വഴക്കിയെടുക്കണമെന്നൊക്കെ ഉപദേശം പോലെ പറഞ്ഞു തുടങ്ങി. പിന്നീടൊരിക്കിൽ തന്‍റെ മുറിയിലേക്ക് വന്നു കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നും നടി പറയുന്നു.

ഷൂട്ടിങ് ദിനത്തിൽ ആർത്തവസമയമായിരുന്നു. ആ ക്ഷീണം കാരണം സംവിധായകനോട് അനുവാദം ചോദിച്ചിട്ട് മുറിയിൽ വിശ്രമിക്കുകയായിരുന്നു. മുറിയിലേക്ക് താൻ കടന്നതിനു പിന്നാലെ വാതിലിൽ ആരോ തട്ടുന്നത് കേട്ടു. വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ അലൻസിയറായിരുന്നു അത്. തുടർച്ചയായി മുട്ടിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ സംവിധായകനെ വിളിച്ചു പറഞ്ഞു. ഉടൻ ഒരാളെ അവിടേക്ക് വിടാമെന്നാണ് സംവിധായകൻ പറഞ്ഞത്.

എന്നാൽ വാതിൽ തുറന്ന് പുറത്തേക്ക് ഓടാലോ എന്നു കരുതി തുറന്നതോടെ അലൻസിയർ ബലമായി അകത്തേക്ക് കടന്നുവന്നു. വാതിൽ കുറ്റിയിട്ടു. തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ പുറത്ത് ബെൽ അടിച്ചു. വാതിൽ തുറന്നപ്പോൾ അസിസ്റ്റന്‍റ് ഡയറക്റ്ററാണ്. അലൻസിയറിന്‍റെ സീനാണ് അടുത്തതെന്നു പറഞ്ഞു വിളിച്ചു കൊണ്ടുപോകുകയായിരുന്നു.

അലൻസിയർ മറ്റു നിരവധി സന്ദര്‍ഭങ്ങളിലും അശ്ലീലമായി പെരുമാറാൻ ധൈര്യപ്പെട്ടെന്നും നടി പറയുന്നു. ഒരു നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താൻ ഉറങ്ങാൻ കിടന്നപ്പോൾ കൂടെയുണ്ടായിരുന്നയാൾ കുളിക്കാനായി പുറത്തുള്ള ബാത്ത്റൂമിലേക്ക് പോയി. നിർഭാഗ്യവശാൽ മുറി പൂട്ടാൻ മറുന്നു ഈ സന്ദർഭത്തിൽ അലൻസിയർ അകത്തേക്ക് കയറി.

തന്‍റെ ബെഡിലേക്ക് കയറിക്കിടന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചു. കട്ടിൽ കിടക്കുന്ന എന്‍റെ തൊട്ടരികിലെത്തി ഉറങ്ങുകയാണോയെന്ന് ചോദിച്ചു. ഇത് കേട്ട് ഞെട്ടിയുണരുകയായിരുന്നു. എന്‍റെ ഒരു കൈയിൽ പിടിച്ചു കൊണ്ട് കുറച്ചു നേരം കൂടി കിടക്കുവെന്നാണ് അയാൾ പറഞ്ഞത്. പരമാവധി ഉച്ചത്തിൽ ഞാൻ ഒച്ച വച്ചു.

ബാത്ത്‌റൂമിലായിരുന്ന എന്‍റെ സുഹൃത്ത് ഇത് കേട്ട് എന്താണ് എന്ന് വിളിച്ചു ചോദിച്ചു. റൂം മേറ്റ് തിരികെ വരും മുൻപേ വെറുതേ ഇതൊരു തമാശയല്ലേ എന്നു പറഞ്ഞു അലൻസിയർ പുറത്തേക്ക് പോയെന്നും നടി പറയുന്നു. എന്നാൽ അലൻസിയറിനെതിരേ മറ്റുപലരും ഇത്തരത്തിൽ പരാതി പറഞ്ഞിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.