യുഎഇയിലെ പ്രവാസികള്‍ ജാഗ്രതൈ!

single-img
14 October 2018

യുഎഇയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കാത്തിരിക്കുന്നത് വന്‍ പിഴശിക്ഷ. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ക്ക് പത്തുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ദുബായ് പോലീസ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് നടപടി.

ഇതു സംബന്ധിച്ച് ബോധവത്കരണം സൃഷ്ടിക്കുന്നതിനായി അല്‍ അമീന്‍ പോലീസ് പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഇതിന് പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കമെന്നും അല്‍ അമീന്‍ പോലീസിലെ ജമാല്‍ അഹമ്മദ് പറഞ്ഞു.

അബുദാബി, ദുബായ് വിമാനത്താവളങ്ങളിലെ ഹൂതി ആക്രമണം, രാജ്യത്ത് ലഭ്യമായ പ്രമുഖ ഭക്ഷ്യവസ്തുക്കളിലെ മായം, ദുബായിയിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, ദുബായിയില്‍ മൊറോക്കോ ഗായകന്‍ കൊല്ലപ്പെട്ടത്, സ്‌കൂളുകളിലെ ലഹരിമരുന്നു ലഭ്യത, യെമന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സര്‍വകലാശാല വിദ്യാര്‍ഥികള്‍ എന്നിങ്ങനെ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് രാജ്യത്തിന്റെ അന്തസിനു കേടുണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരും കൃത്രിമദൃശ്യം സൃഷ്ടിക്കുന്നവരും ശിക്ഷാര്‍ഹരായിരിക്കുമെന്ന് അബുദാബി നിയമവകുപ്പു വ്യക്തമാക്കിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും അഭ്യൂഹങ്ങളും ഉന്നയിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. തെറ്റായ വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് യുഎഇ ആന്റി സൈബര്‍ക്രൈം നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.