യുഎഇയില്‍ മലയാളിക്ക് രണ്ടു കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

single-img
14 October 2018

വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് ഒന്‍പത് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കോഴിക്കോട് സ്വദേശി യൂസഫ് കലാനാ(47)ണ് നഷ്ടപരിഹാരം ലഭിക്കുക. 2016 ജനുവരി അഞ്ചിന് ഫുജൈറ റജിസ്‌ട്രേഷനുള്ള കാര്‍ ഇടിച്ചാണ് യൂസഫിന് ഗുരുതര പരുക്കേറ്റത്.

ഫുജൈറ ദിബ്ബ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്യുകയും യൂസഫിനെയും കാര്‍ ഡ്രൈവറെയും കുറ്റക്കരായി കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് ശേഷം തുടര്‍ ചികിത്സക്കായി യൂസഫിനെ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു.

അപകടം കാരണം ജോലിചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടതും ശാരീരിക മാനസിക നഷ്ടവും ചികിത്സ ചെലവും പരിഗണിച്ച കോടതി രണ്ടു ലക്ഷം ദിര്‍ഹമും കോടതിച്ചെലവും പരാതിക്കാരന് നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി രണ്ടു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് കണ്ടെത്തുകയും തുക ഒന്‍പത് ലക്ഷം ദിര്‍ഹമായി വര്‍ധിപ്പിക്കുകയും ചെയ്തു.