രാജിവെക്കില്ല; മീ ടൂ വിവാദത്തില്‍ നിയമ നടപടിക്കൊരുങ്ങി കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍

single-img
14 October 2018

തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് കേന്ദ്രമന്ത്രി എം.ജെ അക്ബര്‍. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്നും അക്ബര്‍ വ്യക്തമാക്കി. ലൈംഗികാരോപണ കേസില്‍ എം.ജെ അക്ബര്‍ രാജിവെക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് പ്രസ്താവനയുമായി അക്ബര്‍ രംഗത്തെത്തിയത്.

നുണകള്‍ക്ക് കാലുകളില്ല. പക്ഷെ അവയില്‍ വിഷം അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ഉയര്‍ന്നുവന്നത്. ഇതില്‍ എന്തെങ്കിലും അജണ്ടകള്‍ ഉണ്ടോ. തീര്‍ത്തും അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ തന്റെ യശസ്സിനും സല്‍പ്പേരിനും വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

താന്‍ നീന്തല്‍ കുളത്തില്‍ ഉപദ്രവിച്ചു എന്നാണ് ഒരു ആരോപണം. തനിക്ക് നീന്താന്‍ പോലും അറിയില്ല. പലതും ഒരു തെളിവുമില്ലാത്ത ആരോപണങ്ങള്‍ മാത്രമാണെന്നും എം.ജെ അക്ബര്‍ വ്യക്തമാക്കി. പല ആരോപണങ്ങളും എടുത്ത് പറഞ്ഞ് അക്ബര്‍ നിഷേധിച്ചു.

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി പതിനൊന്ന് വനിതാമാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ആഫ്രിക്കന്‍ പര്യടനത്തിലായിരുന്ന അക്ബറിനോട് സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ വരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

മുന്‍മാധ്യമപ്രവര്‍ത്തകനായ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചെത്തിയവരില്‍ വിദേശമാധ്യമപ്രവര്‍ത്തകയും ഉള്‍പ്പെടുന്നുണ്ട്. ഒക്ടോബര്‍ എട്ടിന് പ്രിയാരമണി എന്ന മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റിലൂടെയാണ് അക്ബറിനെതിരായ വെളിപ്പെടുത്തല്‍ പുറത്തെത്തിയത്. ഒരു വര്‍ഷം മുമ്ബ് ഒരു പ്രമുഖ മാസികയില്‍ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് പ്രിയാ രമണി ലേഖനം എഴുതിയിരുന്നു.