National

ജസ്റ്റിസ് ലോയ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച രേഖകളില്‍ വീണ്ടും തിരുത്തലുകള്‍. സുഹൃത്തിന്റെ മകളുടെ വിവാഹത്തിനായി നാഗ്പൂരിലെത്തിയപ്പോള്‍ അദ്ദേഹം താമസിച്ച ഗസ്റ്റ് ഹൗസിലെ രജിസ്റ്ററില്‍ അവിടെ വന്നതിന് തെളിവില്ലെന്ന് വിവരാവകാശ ചോദ്യത്തിന് മറുപടി ലഭിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ സതീപ് യൂകെ നല്‍കിയ ചോദ്യത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഗസ്റ്റ് ഹൗസായ രവി ഭവനില്‍ ബി.എച്ച്. ലോയയോ അദ്ദേഹത്തിന്റ സഹപ്രവര്‍ത്തകരോ താമസിച്ചതിന് തെളിവില്ലെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്.

നാഗ്പുരിലെത്തിയപ്പോള്‍ രവി ഭവനിലാണ് താമസിച്ചതെന്നായിരുന്നു കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. കൂടാതെ, മഹാരാഷ്ട്ര നിയമ നീതിന്യായ വകുപ്പ് ജഡ്ജി ലോയക്കുവേണ്ടി ഗസ്റ്റ് ഹൗസില്‍ താമസസൗകര്യം ആവശ്യപ്പെട്ട് നാഗ്പുര്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് കത്തയച്ചിരുന്നു.

നവംബര്‍ 30ന് പുലര്‍ച്ച മുതല്‍ ഡിസംബര്‍ ഒന്നിന് രാവിലെ ഏഴുമണി വരെ മുറി വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, 2014 നവംബര്‍ 28 മുതല്‍ ഡിസംബര്‍ ആറു വരെയുള്ള ദിവസങ്ങളില്‍ രവി ഭനിലെ രജിസ്റ്ററില്‍ ആകെ ഒരാള്‍ താമസിച്ചതായി മാത്രേമ രേഖപ്പെടുത്തിയിട്ടുള്ളൂ. രജിസ്റ്ററിലെ ഈ ദിവസങ്ങളിലെ പേജുകള്‍ നീക്കംചെയ്യപ്പെട്ടതായാണ് സംശയം. അതേ ദിവസം പരിസരത്തെ ഹോട്ടലുകളിലും ജഡ്ജിമാര്‍ താമസിച്ചതായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍, ഗസ്റ്റ് ഹൗസില്‍ ആരു താമസിച്ചാലും രജിസ്റ്ററില്‍ രേഖപ്പെടുത്താറുണ്ടെന്ന് മുമ്പ് അവിടെ ജോലി ചെയ്തിരുന്ന ആറുപേര്‍ കാരവന്‍ മാഗസിനോട് പറഞ്ഞു.

നേരത്തെ, ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണത്തില്‍ അന്വേഷണമില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന ഏഴു പൊതുതാല്‍പര്യ ഹര്‍ജികളും സുപ്രീംകോടതി തള്ളിയിരുന്നു. ലോയയുടേതു സ്വാഭാവിക മരണം മാത്രമാണ്. ഗൂഢലക്ഷ്യത്തോടെയുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കാനാകില്ല. ഹര്‍ജിക്കാര്‍ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിച്ചു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനാണു ശ്രമം. ഹര്‍ജികള്‍ ബാലിശവും അപകീര്‍ത്തകരവുമാണ്. ലോയയ്‌ക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരെ അവിശ്വസിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ, 2014 ഡിസംബര്‍ ഒന്നിനാണു ജഡ്ജി ലോയ മരിച്ചത്. നാഗ്പുരില്‍ വിവാഹച്ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും മരിക്കുകയും ആയിരുന്നുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ഒട്ടേറെ ദുരൂഹതകളുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ‘കാരവന്‍’ ലോയയുടെ മരണത്തില്‍ ഒട്ടനവധി വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. അതോടെയാണു വിവിധ കോണുകളില്‍നിന്ന് അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നത്.

ലോയയുടെ മരണത്തെക്കുറിച്ച് പറയുന്നത്

സഹപ്രവര്‍ത്തകനായ ജഡ്ജിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണു 2014 നവംബര്‍ 30നു ലോയ നാഗ്പുരിലെത്തിയത്. സര്‍ക്കാര്‍ അതിഥി മന്ദിരമായ രവി ഭവനിലായിരുന്നു താമസം. രാത്രി 11ന് മുംബൈയിലുള്ള ഭാര്യ ശര്‍മിളയെ വിളിച്ചു നാല്‍പതു മിനിറ്റിലേറെ സംസാരിച്ചു. പിറ്റേന്നു പുലര്‍ച്ചെ അഞ്ചിന് അതിഥിമന്ദിരത്തില്‍ ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാര്‍ദെ മരണവിവരം ഭാര്യയെയും ബന്ധുക്കളെയും അറിയിച്ചു.

രാത്രി 12.30ന് ലോയയ്ക്കു നെഞ്ചുവേദനയുണ്ടായെന്നും ഓട്ടോറിക്ഷയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നുമാണു പറഞ്ഞത്. പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിനു മുന്‍പു മരിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയെന്നും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഈശ്വര്‍ ബഹേതി, മൃതദേഹം കുടുംബവീടായ ലത്തൂരിലെ ഗടേഗാവില്‍ എത്തിക്കുമെന്നുമാണു ലോയയുടെ പിതാവ് ഹര്‍കിഷന്‍, സഹോദരിമാരായ ഡോ. അനുരാധ ബിയാനി, സരിത മന്ധാനെ എന്നിവരെ ബാര്‍ദ അറിയിച്ചത്. നാഗ്പുരിലേക്കു ചെല്ലേണ്ടെന്നും പറഞ്ഞു.

മൃതദേഹത്തെ ആരും അനുഗമിച്ചില്ല

രാത്രി 11.30നാണു മൃതദേഹം ലത്തൂരിലെ കുടുംബവീട്ടില്‍ എത്തിച്ചത്. ആംബുലന്‍സില്‍ ഡ്രൈവര്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. നാഗ്പുരില്‍ ഒപ്പമുണ്ടായിരുന്ന ജഡ്ജിമാരോ പൊലീസോ അനുഗമിച്ചില്ല. വിവാഹത്തിനു ലോയയെ നിര്‍ബന്ധിച്ചു കൊണ്ടുപോയ സഹപ്രവര്‍ത്തകര്‍ പോലും വന്നില്ല. മൃതദേഹത്തിന്റെ തലയ്ക്കു പിന്നില്‍ മുറിവുണ്ടായിരുന്നെന്നും ഷര്‍ട്ടിന്റെ കോളറില്‍ രക്തക്കറ ഉണ്ടായിരുന്നെന്നും സഹോദരി അനുരാധ പറയുന്നു.

കണ്ണാടി മൃതദേഹത്തിന്റെ അടിയില്‍ വച്ചിരിക്കുന്ന നിലയിലായിരുന്നു. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നു ഡോക്ടര്‍ കൂടിയായ അനുരാധ ആവശ്യപ്പെട്ടു. ലോയയുടെ സഹപ്രവര്‍ത്തകര്‍ നിരുല്‍സാഹപ്പെടുത്തി. ലോയയുടെ മൊബൈല്‍ ഫോണ്‍ നാലാം ദിവസമാണ് എത്തിച്ചത്. ഫോണിലെ കോള്‍ വിവരങ്ങളും സന്ദേശങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. മരിച്ചയാളുടെ വസ്ത്രവും മറ്റു സാധനങ്ങളും പൊലീസാണ് എത്തിക്കേണ്ടതെങ്കിലും ഈശ്വര്‍ ബഹേതിയാണു ഫോണ്‍ കൈമാറിയത്.

സൊഹ്‌റാബുദീന്‍ കേസ്

സൊഹ്‌റാബുദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി എന്നിവരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഹൈദരാബാദില്‍നിന്നു തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിനു സമീപം 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണു കേസ്. സംഭവത്തിന്റെ സാക്ഷി തുളസീറാം പ്രജാപതിയെ ഗുജറാത്തിലെ ചപ്രി ഗ്രാമത്തില്‍ 2006 ഡിസംബറില്‍ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നും കേസുണ്ട്. രണ്ടു കേസുകളും ഒരുമിച്ചാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേസിലെ 38 പ്രതികളില്‍ 15 പേരെ കോടതി വിട്ടയച്ചു. ഇതില്‍ 14 പേരും ഐപിഎസ് ഉദ്യോഗസ്ഥരാണ്.

ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ കേസില്‍ നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാന്‍ കേസ് മഹാരാഷ്ട്രയിലേക്കു മാറ്റാന്‍ 2012ല്‍സുപ്രീംകോടതി ഉത്തരവിട്ടു. ഒരു ജഡ്ജി തന്നെ വാദം പൂര്‍ണമായി കേള്‍ക്കണമെന്നും വ്യക്തമാക്കി. ജസ്റ്റിസ് ലോയയെ പ്രത്യേക ജഡ്ജിയായി നിയോഗിച്ചു. മുംബൈയിലുണ്ടായിട്ടും അമിത് ഷാ ഒക്ടോബര്‍ 31നു കോടതിയില്‍ ഹാജരാകാഞ്ഞതിനെ ജസ്റ്റിസ് ലോയ വിമര്‍ശിച്ചിരുന്നു. ഡിസംബര്‍ 15ലേക്കു കേസ് മാറ്റി. കേസ് പരിഗണിക്കാന്‍ രണ്ടാഴ്ച ശേഷിക്കെ ഡിസംബര്‍ ഒന്നിനാണു ലോയയുടെ മരണം.