മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി ?

single-img
14 October 2018

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയുടെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് പരാതി. വീട്ടമ്മക്കെതിരെ പരാതി നല്‍കിയ എസ്.എന്‍.ഡി.പി യൂണിയന്‍ പ്രവര്‍ത്തകന്‍ സുനില്‍കുമാര്‍ തന്നെയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചതില്‍ വീട്ടമ്മ കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീപ്രവേശന വിധിക്കെതിരായ പ്രതിഷേധത്തിനിടെ ചെറുകോല്‍പുഴ സ്വദേശിനി മണിയമ്മയുടെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.

‘ആ ചേകോന്‍ മോന്റെ മോന്തയടിച്ചു പറിക്കണം’ എന്നുപറഞ്ഞാണ് വീട്ടമ്മ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ സഹിതമാണ് എസ്.എന്‍.ഡി.പി പ്രവര്‍ത്തകനായ സുനില്‍ കുമാര്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

തൊട്ടുപിറകെ മണിയമ്മ മറ്റൊരു വീഡിയോ സന്ദേശത്തിലൂടെ ഖേദപ്രകടനവും നടത്തി. അതേസമയം, മണിയമ്മക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വീട്ടമ്മ മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ അവരുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നാണ് പരാതിയില്‍ പറയുന്നത്.