ബി.ജെ.പിയുടെ അവഗണന; സി.കെ ജാനു എന്‍.ഡി.എ വിട്ടു

single-img
14 October 2018

സി.കെ.ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു. എന്‍ഡിഎ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാലാണു മുന്നണി വിടുന്നതെന്നു സി.കെ.ജാനു പറഞ്ഞു. രണ്ടര വര്‍ഷം കാത്തിരുന്നു. എന്‍ഡിഎ യോഗം പോലും നടക്കുന്നില്ല.

അതുകൊണ്ടാണു മുന്നണി വിട്ടത്. ആരുമായും ചര്‍ച്ചയ്ക്കു തയാറാണെന്നും ജാനു വ്യക്തമാക്കി. മുന്നണി മര്യാദ പാലിക്കാന്‍ ബിജെപി തയാറാകണമെന്നു സി.കെ.ജാനു നേരത്തേ വിമര്‍ശനമുന്നയിച്ചിരുന്നു. ബിഡിജെഎസിനും മുന്നണിയിലെ മറ്റു കക്ഷികള്‍ക്കും പരിഗണനകളൊന്നും നല്‍കാത്തതിനെതിരെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്തും അവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ബിഡിജെഎസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് സി.കെ.ജാനു 2016ല്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. എങ്കിലും ബിഡിജെഎസ് ഉള്‍പ്പെടുന്ന എന്‍ഡിഎയില്‍ തന്നെ ചേര്‍ന്നു പ്രവര്‍ത്തിക്കാനായിരുന്നു തീരുമാനം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ കോടതിവിധി നടപ്പാക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു സികെ ജാനുവിന്റെ പ്രതികരണം.

എന്‍ഡിഎയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതിപട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ സികെ ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ വാഗ്ദാനം. കേരളത്തില്‍ പട്ടിക വര്‍ഗ്ഗമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യവും ജാനു ഉന്നയിച്ചിരുന്നു.