ഒമാനില്‍ അതിജാഗ്രത: ലുബാൻ ചുഴലിക്കൊടുങ്കാറ്റ് പേമാരിയാകും

single-img
13 October 2018

ലുബാൻ കൊടുങ്കാറ്റിന്‍റെ ഭാഗമായുള്ള മഴ സലാല ഉൾപ്പടെയുള്ള ഒമാന്‍റെ തെക്ക് ഭാഗത്ത് ആരംഭിച്ചു. കാറ്റിന്‍റെ വേഗതയേറിയ മധ്യ ഭാഗം തീരത്ത് നിന്ന് 300 കിലോമീറ്റർ അകലെയാണ്. ഇന്ന് വൈകിട്ടും നാളെയുമായി ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ലുബാൻ കൊടുങ്കാറ്റിന്‍റെ വേഗത ഇന്നലെ മുതൽ കുറഞ്ഞിരുന്നു. 93 മുതൽ 102 കിലോമീറ്റർ വരെയാണ് ഇപ്പോൾ കാറ്റിന്‍റെ വേഗത. കാറ്റിന്‍റെ പരോക്ഷ പ്രതിഫലനങ്ങൾ ഒമാന്‍റെ തെക്കൻ ഭാഗങ്ങളിൽ ആരംഭിച്ചു. സലാല ഉൾപ്പെടുന്ന നഗര പ്രദേശങ്ങളിൽ ഇന്ന് രാവിലെ മുതൽ ഇടവിട്ട മഴ ആരംഭിച്ചിട്ടുണ്ട്. ഹാസിഖ് സദ തുടങ്ങിയ ഭാഗങ്ങളിൽ കാറ്റോടു കൂടിയ ശക്തമായ മഴയാണ് പെയ്ത് കൊണ്ടിരിക്കുന്നത്.

കാറ്റിന്‍റെ ദിശ ഇപ്പോഴും പടിഞ്ഞാറ് ഭാഗത്തേക്ക് തന്നെയാണ്. ദോഫാർ തീരത്ത് കൂടി യമനിലേക്കാണ് കാറ്റിന്‍റെ പ്രവാഹമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പിൽ പറയുന്നു. കാറ്റിന്‍റെ പ്രത്യക്ഷ പ്രതിഫലനങ്ങൾ ഇന്ന് രാത്രിയും നാളെയുമായി ഉണ്ടാകും.

ദോഫാർ പ്രദേശത്ത് ഇടിയോട് കൂടിയ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. 56 മുതൽ 83 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുകയും ചെയ്യും. അതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കാനും വാദികൾ മുറിച്ച് കടക്കരുതെന്നും അധികൃതർ നൽകിയ മുന്നറിയിപ്പിൽ പറയുന്നു. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ ശക്തമായ മുൻ കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.