മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിനിടെ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി

single-img
13 October 2018

അമ്മ ഭാരവാഹികള്‍ക്കെതിരെ ഡെബ്ള്യൂ.സി.സി അംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ വെളിപ്പെടുത്തലുമായി നടി അര്‍ച്ചന പത്മിനി. മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്ന് അര്‍ച്ചന പത്മിനി പറഞ്ഞു.

അര്‍ച്ചനയുടെ വാക്കുകള്‍…

സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു പോരുന്ന നടിയാണ് ഞാന്‍. മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷായുടെ അസിസ്റ്റന്‍റ് ഷെറിന്‍ സ്റ്റാന്‍ലി തന്നോട് അപമര്യാദയായി പെരുമാറി.

ഇതേക്കുറിച്ച് ഫെഫ്ക് ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. തനിക്കിപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല എന്നാല്‍ ആരോപണവിധേയന്‍ സിനിമയില്‍ സജീവമാണ്.

തനിക്കുണ്ടായ ദുരനുഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഫെഫ്കയുടെ കൊച്ചിയിലെ ഓഫീസില്‍ പലതവണ പോയിരുന്നു. ബി.ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, സോഹന്‍ സീനുലാല്‍ എന്നിവരെയൊക്കെ നടപടി ആവശ്യപ്പെട്ടു താന്‍ സമീപിച്ചെന്നും എന്നാല്‍ ഒരുഫലവുമുണ്ടായില്ലെന്നും അര്‍ച്ചന പത്മിനി വെളിപ്പെടുത്തുന്നു.

സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാത്തത് എന്ത് കൊണ്ടാണ് എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വീണ്ടുമൊരു വെര്‍ബല്‍ റേപ്പിന് നിന്നുകൊടുക്കാന്‍ പറ്റില്ലാത്തതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാത്തതെന്നും ഈ ഊളകളുടെ പിറകേ നടക്കാന്‍ താത്പര്യമില്ലെന്നും തനിക്ക് തന്‍റേതായ സ്വപ്നങ്ങളുണ്ടെന്നുമായിരുന്നു അര്‍ച്ചന പത്മിനിയുടെ മറുപടി.

എന്നാല്‍ അര്‍ച്ചന ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നാണ് സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കിയത്. ഡബ്ല്യു.സി.സിക്കും അര്‍ച്ചനയ്ക്കുമെതിരെ വ്യക്തിപരമായി അധിക്ഷേപിച്ചതിനും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബി. ഉണ്ണിക്കൃഷ്ണന്റെ വാക്കുകള്‍

‘ശുദ്ധകള്ളമാണ്, അര്‍ച്ചന എന്നു പറഞ്ഞ പെണ്‍കുട്ടി ഞങ്ങള്‍ക്ക് ഒരു മെയിലയച്ചപ്പോള്‍ അപ്പോള്‍ നടപടി സ്വീകരിച്ചതാണ്. അപ്പോള്‍ തന്നെ അവരെ ഓഫീസിലേയ്ക്ക് ഞങ്ങളാണ് വിളിച്ചു വരുത്തിയത്. കുറ്റം ആരോപിച്ചയാളെയും വരുത്തി. ഞാനുമുണ്ടായിരുന്നു സിബി മലയിലും ഉണ്ടായിരുന്നു.

ഞങ്ങള്‍ അവരോട് ആദ്യം പറഞ്ഞത് ഇത് ഒരു ക്രിമിനല്‍ ഒഫന്‍സാണെന്നാണ്. പോലീസ് കേസിന് വകുപ്പുള്ളതാണ് ഇതു സംഘടന കൈകാര്യം ചെയ്യണ്ട കാര്യമല്ല. നിങ്ങളോടൊപ്പം ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ വരാം. ഇപ്പോള്‍ തന്നെ നമുക്കു പരാതി ഫയല്‍ ചെയ്യാം. എല്ലാ നിയമസഹായവും അതിനുവേണ്ട കാര്യങ്ങളും ഞങ്ങള്‍ തന്നെ ചെയ്തു തരാം.

ഒരു കാരണവശാലും ഞങ്ങള്‍ അതിനു തയാറല്ല എന്നാണ് അവര്‍ പറഞ്ഞത്. സംഘടനപരമായ നടപടി മതി. അയാളെ അപ്പോള്‍ തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയ ശേഷം ഇതിനകത്ത് പോലീസ് നടപടി വേണ്ട എന്നും സംഘടനപരമായ നടപടി മാത്രം മതി എന്നും എഴുതിയതിനകത്ത് അര്‍ച്ചന എന്ന് പറയുന്ന കുട്ടി ഒപ്പിട്ടിട്ടുണ്ട്. അതിന് ശേഷം പ്രോഡക്ക്ഷന്‍ എക്സിക്യൂട്ടിവ് യൂണിയന്‍ ഞങ്ങള്‍ക്കു കത്തയച്ചു’