ദുരിതാശ്വാസ ധനസമാഹരണ യാത്ര:മന്ത്രിമാരുടെ വിദേശസന്ദര്‍ശനം തടഞ്ഞ് കേന്ദ്രം

single-img
13 October 2018

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദേശത്ത് ദുരിതാശ്വാസ സമാഹരണ യാത്ര പോകുന്നതിന് മന്ത്രിമാര്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്. മുഖ്യമന്ത്രിക്ക് മാത്രമാണ് വിദേശ യാത്രയ്ക്ക് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. അതും കര്‍ശന നിബന്ധനകളോടെയാണ്. ഈ മാസം 18 ന് അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശം. ഇവിടെ ഔദ്യോഗിക യോഗങ്ങളിലൊന്നും മുഖ്യമന്ത്രി പങ്കെടുക്കാന്‍ പാടില്ലെന്നും ദുരിതാശ്വാസ പരിപാടികളില്‍ മാത്രമേ പങ്കുചേരാവൂ എന്നുമാണ് നിബന്ധനയില്‍ പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാരാണ് നവകേര നിര്‍മ്മാണത്തിനായി വിദേശയാത്രയ്‌ക്ക് അനുമതി തേടിയത്. ഈ മാസം 18മുതലായിരുന്നു യാത്ര നിശ്‌ചയിച്ചിരുന്നത്. ഈ മാസം 18 മുതല്‍ 24 വരെ മന്ത്രി തോമസ് ഐസക് അമേരിക്കയില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു. 21 മുതല്‍ മന്ത്രി ഇ.പി ജയരാജന്‍ കുവൈത്തിലും സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു. കേന്ദ്രത്തിന്റെ ഈ നിലപാടോടെ മന്ത്രിമാരുടെ വിദേശസന്ദര്‍ശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അതേസമയം, യാത്രയുമായി ബന്ധപ്പെട്ട തടസങ്ങളെല്ലാം ഉടന്‍ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി സുനില്‍ കുമാര്‍ പ്രതികരിച്ചു.