എന്‍എസ്എസ് കരയോഗങ്ങളെ കൈപ്പിടിയില്‍ ഒതുക്കാനുള്ള പദ്ധതിയാണ് ആര്‍എസ്എസ് നടപ്പാക്കുന്നതെന്ന് കോടിയേരി

single-img
13 October 2018

തിരുവനന്തപുരം: ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന എന്‍എസ്എസ് നേതൃത്വത്തിന്റെ സമീപനത്തില്‍ നിന്ന് ആര്‍എസ്എസ്-ബിജെപി രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെതിരായുള്ള നീക്കങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുക്കുന്നത് ആര്‍എസ്എസ്
ബിജെപി സംഘമാണെന്ന് എന്‍എസ്എസ് നേതൃത്വം തിരിച്ചറിയുന്നില്ലെന്നു കോടിയേരി അഭിപ്രായപ്പെട്ടു. എന്‍എസ്എസിന്റെ പല
കരയോഗങ്ങളുടെയും ഭാരവാഹികള്‍ നാമജപ ഘോഷയാത്രയ്ക്ക് ആളെ കൂട്ടുകയും ആളു കൂടുമ്പോള്‍ അതിന്റെ നേതൃത്വം ആര്‍എസ്എസ്, ബിജെപി നേതാക്കളുടേതാകുകയും ചെയ്യുന്നു. പാര്‍ട്ടി പത്രത്തിലെ ‘രണ്ടാം വിമോചനസമര മോഹം’ എന്ന ലേഖനത്തിലാണു കോടിയേരി ഇക്കാര്യം പറയുന്നത്.

എന്‍എസ്എസ് മുന്നോട്ടുവച്ച ഏത് ന്യായമായ ആവശ്യത്തോടും പിണറായി വിജയന്‍ സര്‍ക്കാര്‍ മുഖം തിരിഞ്ഞുനിന്നിട്ടില്ല. എന്‍എസ്എസ് ആകട്ടെ, എസ്എന്‍ഡിപി ആകട്ടെ, മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങളാകട്ടെ ആര് ന്യയമായ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാലും അത് പരിഗണിക്കുന്ന സമീപനമേ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളൂ. എന്‍എസ്എസിനോടും അവരുടെ ന്യായമായ ആവശ്യങ്ങളോടും എല്‍ഡിഎഫ് സര്‍ക്കാര്‍ നീതിപൂര്‍വമായ സമീപനം സ്വീകരിച്ചുവെന്ന് എന്‍എസ്എസ് നേതൃത്വംതന്നെ സമീപകാലത്ത് പ്രഖ്യാപിച്ചിരുന്നു.

സംവരണാനുകൂല്യമില്ലാത്ത മുന്നോക്കസമുദായത്തിലെ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്ക് നിശ്ചിതശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന കാഴ്ചപ്പാടും ഭരണനടപടിയും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. മുന്നോക്കസമുദായങ്ങളിലെ പാവപ്പെട്ടവരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും നയത്തിന്റെ ഭാഗമായിട്ടാണ് അതുണ്ടായത്. ഇതുപ്രകാരം ദേവസ്വം നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നടപ്പാക്കി. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും സംവരണം ഉറപ്പാക്കിക്കൊണ്ടാണ് ഇത് ചെയ്തത്. ഇതിന്റെതന്നെ തുടര്‍ച്ചയായിട്ടാണ് ദേവസ്വം ക്ഷേത്രങ്ങളിള്‍ എസ്സി എസ്ടി വിഭാഗക്കാരെയും ഈഴവ, ധീവര, വിശ്വകര്‍മ വിഭാഗത്തില്‍ പെട്ടവരെയും പൂജാരിമാരായി നിയമിച്ചതെന്നും കോടിയേരിയുടെ ലേഖനത്തില്‍ പറയുന്നു