ശശിയ്‌ക്കെതിരായി സി.പി.ഐ.എമ്മില്‍ നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ പെണ്‍കുട്ടി പൊലീസിനെ സമീപിക്കും

single-img
13 October 2018

പി.കെ. ശശിക്കെതിരായ പരാതിയിൽ സി.പി.എമ്മിൽനിന്ന് നടപടിയുണ്ടായില്ലെങ്കിൽ പെൺകുട്ടി പരാതി പോലീസിന് കൈമാറുമെന്ന് സൂചന. പരാതിക്കാരിയായ പെൺകുട്ടി സ്വയം രംഗത്തുവരുമെന്നും പരാതി മാധ്യമങ്ങൾക്ക് കൈമാറുമെന്നും സൂചനയുണ്ട്. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചചെയ്തില്ലെന്ന വാർത്തയിൽ പെൺകുട്ടി നിരാശയിലാണ്.

വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. ശനിയാഴ്ചയും റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ചര്‍ച്ച ചെയ്യപ്പെടാതെ പോയാല്‍ വിഷയം അപ്രസ്തക്തമായിപ്പോകുമെന്നാണ് വിലയിരുത്തല്‍.ഈ സാഹചര്യത്തിലാണ് പരാതി പൊലീസിന് കൈമാറാനൊരുങ്ങുന്നത്. അതേസമയം പി.കെ.ശശി എം.എല്‍.എക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയില്ലെന്നും ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മില്‍ അനിശ്ചിതത്വമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അന്വേഷണ റിപ്പോർട്ട് വൈകുന്നത് പ്രശ്നം തണുപ്പിക്കാനും പി.കെ. ശശി എം.എൽ.എ.യെ സഹായിക്കാനുമാണെന്ന് സംശയം നേരത്തേമുതൽ ഉണ്ടായിരുന്നു. ഇതു മുന്നിൽക്കണ്ട് പെൺകുട്ടി ആദ്യമേ പോലീസിൽ പരാതിനൽകാൻ ഒരുങ്ങിയിരുന്നതായും പറയുന്നു. പാർട്ടി അന്വേഷണം നടക്കുന്നതിനിടെ ഇത്തരമൊരു നീക്കം ഉചിതമല്ലെന്ന് കൂടെനിൽക്കുന്നവർ പറഞ്ഞതിനെത്തുടർന്ന് പെൺകുട്ടി പിന്തിരിയുകയായിരുന്നു.