തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം തിരിച്ചടിച്ച് വെസ്റ്റ് ഇന്‍ഡീസ്; ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഭേദപ്പെട്ട നിലയില്‍

single-img
12 October 2018

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം തിരിച്ചടിച്ച വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഭേദപ്പെട്ട നിലയില്‍. 95 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. നാലാം ടെസ്റ്റ് സെഞ്ചുറിക്ക് രണ്ടു റണ്‍സ് മാത്രം അകലെ നില്‍ക്കുന്ന റോസ്റ്റണ്‍ ചേസ്, ഇനിയും അക്കൗണ്ട് തുറക്കാതെ ദേവേന്ദ്ര ബിഷൂ എന്നിവര്‍ ക്രീസില്‍. 174 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ചേസ് 98 റണ്‍സെടുത്തത്.

മുന്നേറ്റ നിര കാര്യമായ പ്രതിരോധം ഉയര്‍ത്താതെ വീണതോടെ ആദ്യ ടെസ്റ്റിന്റെ ഗതി തന്നെയാണ് ഹൈദരാബാദിലുമെന്ന് കരുതിയിരിക്കുമ്പോഴാണ് ചേസ് രക്ഷാദൗത്യം ഏറ്റെടുത്തത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 86/3 എന്ന നിലയിലായിരുന്ന വിന്‍ഡീസിന് പിന്നാലെ രണ്ടു വിക്കറ്റുകള്‍ കൂടി നഷ്ടമായി. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേസ്‌ഷെയ്ന്‍ ഡൗറിച്ച് സഖ്യമാണ് പൊരുതാന്‍ തുടങ്ങിയത്.

ഡൗറിച്ചിനെ കൂട്ടുപിടിച്ച് ചേസ് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 30 റണ്‍സുമായി ഡൗറിച്ച് മടങ്ങിയതിന് പിന്നാലെ നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ എത്തിയതോടെയാണ് വിന്‍ഡീസ് കരകയറാന്‍ തുടങ്ങിയത്. അര്‍ധ സെഞ്ചുറിയുമായി ഇരുവരും മുന്നേറിയതോടെ വിന്‍ഡീസ് സ്‌കോര്‍ മുന്നൂറിനടുത്തായി. ഉമേഷ് യാദവ് എറിഞ്ഞ 90ാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പിടിച്ചു പുറത്താകുന്നതിന് മുന്‍പ് ഹോള്ഡലര്‍ 52 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഹോള്‍ഡര്‍ ചേസ് സഖ്യം ഏഴാം വിക്കറ്റില്‍ വിലപ്പെട്ട 104 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഏഴ് ഫോറും ഒരു സിക്‌സും നേടി 98 റണ്‍സുമായി ക്രീസിലുള്ള ചേസിന്റെ സെഞ്ചുറിക്കായാണ് വിന്‍ഡീസ് രണ്ടാം ദിനം കാത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. ശേഷിച്ച ഒരു വിക്കറ്റ് അശ്വിന്‍ പേരിലാക്കി.