‘സത്യം ഉറക്കെ വിളിച്ചുപറയണം’; മീ ടൂവിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

single-img
12 October 2018

ഹോളീവുഡില്‍ തുടങ്ങി ബോളീവുഡിലൂടെ പടര്‍ന്ന് രാഷ്ട്രീയ നേതാക്കളിലേക്കും മറ്റ് പ്രമുഖരിലേക്കും എത്തിയിരിക്കുന്ന ‘മീ ടൂ’ കാമ്പയിനെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകളെ ആദരവോടെയും അന്തസോടെയും സമീപിക്കേണ്ട സമയമായെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അങ്ങനെയല്ലാത്തവരുടെ ഇടം ഇല്ലാതാവുകയാണെന്നും സ്ത്രീകള്‍ സത്യങ്ങള്‍ കൃത്യതയോടെയും സത്യസന്ധമായും ഉറക്കെ വിളിച്ചു പറയണമെന്നും രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ അക്ബറിനെതിരെ ഉയര്‍ന്ന ‘മീ ടൂ’ ആരോപണത്തേക്കുറിച്ച് ചോദിച്ചെങ്കിലും രാഹുല്‍ പ്രതികരിച്ചിരുന്നില്ല. നേരത്തെ, ജയ്പാല്‍ റെഡ്ഡി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അക്ബറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.