‘മീ ടു’ വെളിപ്പെടുത്തലില്‍ നടി പാര്‍വതി

single-img
12 October 2018

ജോലി സ്ഥലത്ത് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയുന്ന സ്ത്രീകളുടെ മീ ടൂ ക്യാംപയിന് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ഇതിനകം പല പ്രമുഖരുടെയും പേരുകള്‍ ഭയം വെടിഞ്ഞ് സ്ത്രീകള്‍ വെളിപ്പെടുത്തി കഴിഞ്ഞു. മലയാള സിനിമയില്‍ എംഎല്‍എ കൂടിയായ മുകേഷിന്റെ പേരും മീ ടൂവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നു.

തനുശ്രീ ദത്തയുടെ ലൈംഗികാരോപണ വെളിപ്പെടുത്തലിന് പിന്നാലെയാണ് ബോളിവുഡില്‍ പല പ്രമുഖരും മീ ടുവില്‍ കുടുങ്ങിയത്. ഉയര്‍ന്നുവരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ബോളിവുഡ് സിനിമാ സംഘടനകള്‍ തീരുമാനിച്ചിരുന്നു.

ഇക്കാര്യത്തില്‍ അഭിനന്ദനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി പാര്‍വ്വതി തിരുവോത്ത്. ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമയില്‍ ഇത്തരം കാര്യങ്ങല്‍ നിലവില്‍ വരണമെന്ന് പാര്‍വ്വതി പറയുന്നു. ഇതേ വിഷയത്തില്‍ സംവിധായിക അഞ്ജലി മേനോന്‍ എഴുതിയ ട്വീറ്റ് എന്‍ഡോഴ്‌സ് ചെയ്തുകൊണ്ടായിരുന്നു നടിയുടെ കുറിപ്പ്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാന്‍ വിശാഖാ മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയുള്ള ഒരു കമ്മിറ്റി വേണം എന്ന് പാര്‍വ്വതി, രേവതി, പദ്മപ്രിയ എന്നിവര്‍ അമ്മയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മറുപടി പറയാതെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിഞ്ഞത്.

ഈ സാഹചര്യത്തിലാണ് പാര്‍വ്വതിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും നാട്ടില്‍ നിലവിലുള്ള പൗരാവകാശങ്ങള്‍ക്ക് അര്‍ഹതയില്ലേ എന്ന ചോദ്യം പദ്മപ്രിയയും ട്വിറ്ററിലൂടെ ചോദിച്ചിട്ടുണ്ട്.