തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി അഴിമതിക്കുരുക്കില്‍; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

single-img
12 October 2018

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ അഴിമതി കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഡി.എം.കെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേശീയപാതകളുടെ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

അന്വേഷണം നടത്തി മൂന്ന് മാസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന വിജിലന്‍സിനോട് കേസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഒരാഴ്ചക്കകം സിബിഐക്ക് കൈമാറാനും നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ കേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഒക്ടോബര്‍ ഒമ്പതിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പളനിസ്വാമിക്കെതിരെ തെളിവില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. പരാതിയുമായി വിജലന്‍സിനെ സമീപിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്ന് ഡി.എം.കെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ പല കരാറുകാരുടെയും ഓഫീസുകളും ആദായ നികുതി റെയ്ഡ് നടന്ന കാര്യവും ഡി.എം.കെ ചൂണ്ടിക്കാട്ടിയിരുന്നു.