ഒമാനില്‍ നാളെ കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

single-img
12 October 2018

ലുബാന്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നു ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ നാളെ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമായിരിക്കും. എട്ടു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറും. നാളെയും മറ്റന്നാളും 300 മുതല്‍ 400 മില്ലീമീറ്റര്‍ വരെ മഴ പെയ്‌തേക്കാം.

ഇന്നു പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (പിഎസിഎ) വ്യക്തമാക്കി. ഇന്നു മുതല്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റമുണ്ടാകും. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ എല്ലാ രോഗികളെയും സുല്‍ത്താന്‍ ഖാബൂസ് ഹാര്‍ട്ട് സെന്റര്‍, സൈനികാശുപത്രി എന്നിവിടങ്ങളിലേക്കു മാറ്റി. ഡായാലിസിസ് ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും.

അതേസമയം, കാലവര്‍ഷം കഴിഞ്ഞശേഷം ഉടനുണ്ടായ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചു കൂടുതല്‍ പ്രവചനങ്ങള്‍ക്കു പരിമിതിയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മേയിലുണ്ടായ മേകുനു ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചു കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിരുന്നു. ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി