നിരന്തരമുള്ള വഴക്ക് പറച്ചിലാണ് മാതാപിതാക്കളെയും സഹോദരിയെയും കൊല്ലാന്‍ കാരണമെന്ന് 19കാരന്റെ മൊഴി: പ്രതി ഓണ്‍ലൈന്‍ ഗെയിമിന് അടിമയെന്ന് പൊലീസ്

single-img
12 October 2018

ഡെല്‍ഹിയിലെ വസന്ത് കുഞ്ചില്‍ അച്ഛനും അമ്മയും ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയത് 19 കാരനായ മകന്‍ തന്നെയെന്ന് പൊലീസ്. പഠിത്തത്തില്‍ ശ്രദ്ധിക്കാത്തതിന് നിരന്തരം വഴക്ക് പറഞ്ഞതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മിഥിലേഷ്, ഭാര്യ സിയ, മകള്‍ നേഹ എന്നിവരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകന്‍ സൂരജിനെ കൈക്ക് പരിക്കേറ്റ നിലയില്‍ കിടപ്പുമുറിയുടെ വാതിലില്‍ കണ്ടെത്തുകയും ചെയ്തു. വീട്ടിലെ വസ്തുവകകള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നതിനാല്‍ മോഷണ ശ്രമം എന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, സൂരജ് തന്നെയാണ് കൊല നടത്തിയതെന്ന് മനസ്സിലായതെന്ന് പൊലീസ് പറയുന്നു. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ കറങ്ങി നടക്കുന്നതിന് അഛന്‍ നിരന്തരം വഴിക്കു പറയുന്നതാണ് ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് സൂരജ് പൊലീസിന് മൊഴി നല്‍കി.

പ്രതി ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ക്ലാസ്സില്‍ പോവാതെ കൂട്ടുകാര്‍ക്കൊപ്പം സൂരജ് മെഹ്‌റൗലിയിലെ വാടക വീട്ടിലാണ് പകല്‍ ചെലവഴിക്കാറുണ്ടായിരുന്നത്. ഇവിടെയിരുന്ന് അക്രമാസക്തമായ വീഡിയോ ഗെയിമുകള്‍ കളിക്കുകയാണ് സൂരജ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തുക്കള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു സൂരജ്. എന്തുംചെയ്യാന്‍ ധൈര്യമുള്ളയാള്‍ എന്നാണ് സൂരജിനെ കുറിച്ച് സുഹൃത്തുക്കള്‍ക്കുള്ള അഭിപ്രായം. 10 പേരടങ്ങുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ക്ലാസ് കട്ട് ചെയ്യുന്നതിനെ കുറിച്ചും കറങ്ങാന്‍ പോകുന്നതിനെക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ നടന്നിരുന്നത്.

സൂരജ് ശാന്തനായ കുട്ടിയാണെന്നാണ് ബന്ധുക്കളുടെ അഭിപ്രായം. എന്നാല്‍ സൂരജിനെ ചൊല്ലി വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. കുറ്റസമ്മതം നടത്തിയെങ്കിലും ഇത്രയും ഭീകരമായ ക്രൂരത ചെയ്തിട്ടും സൂരജ് അല്‍പം പോലും കുറ്റബോധം പ്രകടിപ്പിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

തന്നെ നിയമത്തില്‍ നിന്നും രക്ഷിക്കൂ എന്നാണ് സൂരജ് ആവര്‍ത്തിക്കുന്നത്. സൂരജിന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ സംസ്‌കരിച്ചു. അന്ത്യകര്‍മം ചെയ്യാന്‍ സൂരജിനെ അനുവദിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടില്ല.