സിനിമാ സംഘടനകള്‍ക്കെതിരെ തുറന്നടിച്ച് അഞ്ജലി മേനോന്‍

single-img
12 October 2018

മീ ടൂ ക്യാമ്പയിന്‍ ബോളിവുഡില്‍ നിന്ന് കേരളത്തിലേക്കും വ്യാപിക്കുന്നതിനിടെ നടിയെ ആക്രമിച്ച കേസില്‍ മലയാള സിനിമാ സംഘടനകള്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യവുമായി സംവിധായിക അഞ്ജലി മേനോന്‍. ശക്തരായ നടന്‍മാരും എഴുത്തുകാരും ചലച്ചിത്രകാരന്‍മാരും ഉണ്ടായിട്ടും ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കാന്‍ ആരും മുതിര്‍ന്നില്ല.

കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി നടി മുന്നോട്ടുപോകുമ്പോഴും ഇതാണ് സ്ഥിതി. അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണ് ഇതെന്നും അഞ്ജലി മേനോന്‍ ട്വിറ്ററില്‍ കുറിച്ചു. മീ ടു ക്യാംപെയിനിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണ്.

ആരോപണവിധേയര്‍ ഉള്‍പ്പെട്ട പരിപാടികള്‍ ഒഴുവാക്കിയും സിനിമകള്‍ വേണ്ടെന്നുവെച്ചും സംഘടനകളിലെ അംഗത്വം റദ്ദാക്കിയുമെല്ലാം ഇത്തരം അതിക്രമങ്ങള്‍ ഒരുവിധത്തിലും അനുവദിച്ചുകൊടുക്കില്ലെന്ന ശക്തമായ നിലപാടെടുത്തിരിക്കുകയാണ് മുംബൈ സിനിമാമേഖലയെന്നും അഞ്ജലി മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.

ടേക്കിങ് എ സ്റ്റാന്‍ഡ് എന്ന തലക്കെട്ടോടെ ബ്ലോഗിലൂടെയാണ് അഞ്ജലി മേനോന്‍ മലയാള സിനിമാ സംഘടനകളുടെ എങ്ങുംതൊടാത്ത നിലപാടിനെതിരെ തുറന്നടിച്ചത്. ഒരുപാട് കഴിവുള്ള അഭിനേതാക്കളുടെ നാടാണ് കേരളം. പരസ്പരം പിന്തുണ നല്‍കുന്ന മലയാളത്തില്‍ എവിടെയാണ് അതിക്രമത്തെ അതിജീവിച്ചവരെ പിന്തുണയ്ക്കുന്ന നടപടികളെന്നും അഞ്ജലി ചോദിക്കുന്നു…