തിത്‌ലി ചുഴലിക്കാറ്റ് തീരം തൊട്ടു; കാറ്റ് ആഞ്ഞടിക്കുന്നത് 145 കിലോമീറ്റര്‍ വേഗത്തില്‍; 18 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി

single-img
11 October 2018

തിത്‌ലി ചുഴലിക്കാറ്റ് തീരം തൊട്ടു. ഒഡീഷയിലെ ഗോപാല്‍പൂരില്‍ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. 18 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. പലയിടത്തും വൈദ്യുതിബന്ധം താറുമാറായി.

ഗതാഗതവും തടസ്സപ്പെട്ടു. തെക്കു കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടങ്ങി. ഗോപാല്‍പുരില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയതായാണ് റിപ്പോര്‍ട്ട്. 165 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

ഒഡിഷയുടെ തീര പ്രദേശത്ത് മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഗഞ്ജം, ഗജപതി, പുരി, ഖുര്‍ദ, ജഗദ്‌സിങ്പുര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. 5 തീരദേശ ജില്ലകളില്‍ നിന്ന് ഏതാണ്ട് മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു.

ഒഡീഷയില്‍ വിവിധ സ്ഥലങ്ങളിലായി 836 ക്യാംപുകള്‍ തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കി നിര്‍ത്തി. വേണ്ടിവന്നാല്‍ പട്ടാളത്തിന്റെ സഹായം തേടും. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്നു നാളെയും അവധി നല്‍കി. കരസേന ഉള്‍പ്പെടെയുള്ള സേനാവിഭാഗങ്ങളോട് തയ്യാറായി നില്‍ക്കാനും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രൈസിസ് മാനേജ്‌മെന്റ് സെല്‍ നിര്‍ദേശം നല്‍കി.

ഒഡീഷ, ആന്ധ്ര, പശ്ചിമ ബംഗാള്‍, മിസോറാം സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപൊക്കവും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. കടല്‍ അതീവ പ്രക്ഷുബ്ധമാണ്. ആന്ധ്ര, ഒഡീഷ തീരപ്രദേശങ്ങളിലെ റയില്‍ ഗതാഗതം നിര്‍ത്തിവച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ കപ്പലുകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.