‘മീ ടൂ’ എന്ന് പോസ്റ്റിട്ട് ശോഭനാ ജോര്‍ജ്ജും: രാഷ്ട്രീയനേതാക്കള്‍ ഞെട്ടി

single-img
11 October 2018

വന്‍കോളിളക്കം സൃഷ്ടിച്ച് രാജ്യത്ത് മീ ടു ക്യാംപെയിന്‍ ശക്തമാകുന്നതിനിടെ ഫെയ്‌സ്ബുക്കില്‍ ‘മീ ടു’ എന്നെഴുതി ചെങ്ങനൂരിലെ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്. എന്നാല്‍ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മീ ടൂ എന്ന് എഴുതി ചേദ്യചിഹ്നമിട്ടാണ് പോസ്റ്റ് ചെയ്തിരുന്നത്.

മുകേഷ് എംഎല്‍എയ്‌ക്കെതിരായ വെളിപ്പെടുത്തല്‍ വന്‍വിവാദമായി തുടരുന്നതിനിടയിലാണ് ശോഭന ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ മീ ടു എന്ന് പോസ്റ്റ് ചെയ്തത്. പോസ്റ്റിട്ട് 2 മണിക്കൂറിനുള്ളില്‍ ശോഭന പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പോസ്റ്റിട്ട ഉടനെ തന്നെ നിരവധി ആളുകള്‍ കമന്റുകള്‍ ഇടാന്‍ തുടങ്ങി.

പഴയ കോണ്‍ഗ്രസുകാരി ആയതുകൊണ്ടും, തങ്ങളുടെ പാര്‍ട്ടി വിട്ടതുകൊണ്ടും സ്വാഭാവികമായി കോണ്‍ഗ്രസുകാര്‍ ശോഭനയെ പരിഹസിക്കുന്ന കമന്റുകളാണിട്ടത്. എന്നാല്‍ സിപിഎം അനുകൂലികള്‍ ശോഭനയെ അനുകൂലിച്ചുകൊണ്ടും രംഗത്തെത്തി. പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ അതിര് വിട്ടതോടെ ശോഭന തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

അതേസമയം ആഗോളതലത്തില്‍ തന്നെ വളരെ ശ്രദ്ധേയമായ സ്ത്രീ മുന്നേറ്റമാണ് മീ ടു. അതിനെക്കുറിച്ച് ഇപ്പോഴും അറിയാത്തവരുണ്ട്. അവരുടെ ശ്രദ്ധയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് മീ ടൂ എന്ന് പോസ്റ്റ് ചെയ്തതെന്ന് ശോഭന പറഞ്ഞു. എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അത്തരം ഒറ്റവാക്കിലുള്ള പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് തോന്നി അതിനാല്‍ പിന്‍വലിച്ചു. ഞാനിട്ട പോസ്റ്റിന്റെ അടിയില്‍ വന്ന കമന്റുകള്‍ കണ്ടാണ് പോസ്റ്റ് പിന്‍വലിച്ചത് എന്ന് പറയുന്നത് ശരിയല്ല. ഇത് വലിയൊരു സ്ത്രീ മുന്നേറ്റം തന്നെയാണെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.