സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി

single-img
11 October 2018

സൗദി അറേബ്യയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങിയതോടെ ഒട്ടേറെ മലയാളികള്‍ ആശങ്കയില്‍. സ്വകാര്യ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ ഓഫീസ് ജോലി, സൂപ്പര്‍വൈസിങ്, ആക്ടിവിറ്റി തുടങ്ങിയ ജോലികളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്താനും ഈ ജോലികളില്‍ സ്വദേശികളെ നിയമിക്കാനും വിദ്യാഭ്യാസ മന്ത്രി ഡോ. അഹമ്മദ് അല്‍ ഈസ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

സ്വകാര്യസ്‌കൂളുകളിലെ പ്രിന്‍സിപ്പലും വൈസ്പ്രിന്‍സിപ്പലും സ്വദേശികളായിരിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. സ്റ്റുഡന്റ് കൗണ്‍സിലറായ അധ്യാപകന്‍, നോണ്‍ കരിക്കുലം ആക്ടിവിറ്റീസ് അധ്യാപകര്‍ എന്നിവരും അഡ്മിന്‍ ജോലികള്‍ ചെയ്യുന്നവരും സ്വദേശികളായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഈ അധ്യയന വര്‍ഷത്തെ ആദ്യ ട്ടേം അവസാനിക്കുന്നതിനു മുന്‍പായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രാലയം ആവശ്യപ്പെട്ടതുപോലെ മൂന്നു മാസത്തിനകം ഇതു പ്രാബല്യത്തില്‍ വരുത്താന്‍ കഴിയില്ലെന്നാണ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്.

നിയമം പ്രാബല്യത്തിലായാല്‍ നിരവധി വിദേശികളുടെ ജോലി നഷ്ടപ്പെടും. ഒരു ടേമിന്റെ മധ്യത്തില്‍ സ്വദേശിവല്‍ക്കരണ തീരുമാനം പ്രഖ്യാപിക്കുകയും ട്ടേം അവസാനിക്കുന്നതിനു മുന്‍പ് ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതും കടുത്ത പ്രയാസമാണ് സൃഷ്ട്ടിക്കുന്നതെന്നു ചേമ്പര്‍ ഓഫ് കോമേഴ്‌സിലെ സ്വകാര്യ വിദ്യാഭ്യാസ കമ്മിറ്റി അംഗം സ്വാലിഹ് അല്‍ ഗാംദി പറഞ്ഞു.

അതേസമയം നിയമം നടപ്പാക്കാന്‍ സാവകാശം ചോദിച്ച് സ്‌കൂള്‍ അധികൃതര്‍ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെങ്കിലും അനുകൂല നടപടികളൊന്നുമുണ്ടാകില്ലെന്നാണ് സൂചന. മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ വിദ്യാഭ്യാസ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്.

സ്‌കൂളുകളിലെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളും വൈകാതെ സ്വദേശിവത്കരിക്കുമെന്നും സൂചനയുണ്ട്. കര്‍ശനനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. സ്വകാര്യസ്‌കൂളുകള്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ അതേ തസ്തികയ്ക്ക് യോഗ്യരായ സ്വദേശികളെ ലഭ്യമാണോയെന്ന് പരിശോധിക്കണം.

സ്‌കൂളുകള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും സംവിധാനങ്ങള്‍ കൊണ്ടുവരുന്നുണ്ട്. സ്‌കൂളുകളിലേക്ക് മന്ത്രാലയത്തിന്റെ കീഴില്‍ത്തന്നെ പരിശോധകരെ നിയമിക്കാനാണ് നീക്കം. വിദ്യാഭ്യാസമേഖലയിലെ നാല് വിഭാഗങ്ങളില്‍ നിതാഖാത് നിര്‍ബന്ധമാക്കിയതിന് പിന്നാലെ അധ്യാപക വിഭാഗത്തിലേക്കും നിയമം കടന്നുവന്നേക്കുമെന്ന് സൂചനകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ നിരവധി പേര്‍ക്ക് നാട്ടിലേക്ക് മടങ്ങി എത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.