രണ്ടാമൂഴം സിനിമയില്‍ നിന്നും എംടി പിന്‍മാറി; തിരക്കഥ തിരിച്ചുവാങ്ങും

single-img
11 October 2018

രണ്ടാമൂഴം സിനിമയില്‍നിന്നും എം.ടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങുന്നു. തിരക്കഥ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി ഹര്‍ജി നല്‍കി. തിരക്കഥ നല്‍കി നാലുവര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് എം ടിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി രണ്ടാമൂഴം സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നത്. നാലുവര്‍ഷം മുമ്പ് ചര്‍ച്ചകള്‍ക്കു ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍.

ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. ബി ആര്‍ ഷെട്ടിയായിരുന്നു സിനിമ നിര്‍മിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത്.

പ്രധാനകഥാപാത്രമായ ഭീമസേനനെ മോഹന്‍ലാലായിരുന്നു അവതരിപ്പിക്കാനിരുന്നത്. ആയിരം കോടി രൂപ മുടക്കിയാകും സിനിമ നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിക്കുന്നത്.

മുന്‍കൂറായി വാങ്ങിയ പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും എം ടി വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം ടി സംവിധായകന് കൈമാറിയത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണ് താന്‍ തിരക്കഥ ഒരുക്കിയത്.

എന്നാല്‍ തന്റെ ആത്മാര്‍ത്ഥതയുടെ ഒരു അംശം പോലും അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായില്ലെന്ന തോന്നലാണ് പിന്‍മാറ്റത്തിന് കാരണമായതെന്ന് എംടി പറയുന്നു. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും നിര്‍മാതാവ് ഷെട്ടി ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി പേരുകള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാകുമെന്നും പ്രിപ്രൊഡക്ഷന്‍ ജോലികളൊക്കെ അവസാനഘട്ടത്തിലാണെന്നും പ്രഖ്യാപനം നടത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടായില്ല. ആദ്യഭാഗം പുറത്തിറങ്ങി നാല് മാസത്തിന് ശേഷം രണ്ടാംഭാഗം പുറത്തെത്തുമെന്നാണ് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്.