റാഫേല്‍ ഇടപാടിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ നിര്‍മല സീതാരാമന്‍ ഫ്രാന്‍സിലേക്കു പോയതില്‍ ദുരൂഹത; പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി

single-img
11 October 2018

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് ഏജന്‍സിയുടെ (മീഡിയപാര്‍ട്ട്) വെളിപ്പെടുത്തല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളക്കളി പുറത്തുകൊണ്ടു വന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

റിലയന്‍സിനെ നിര്‍ബന്ധമായും തിരഞ്ഞെടുക്കണമെന്ന കരാര്‍ വ്യവസ്ഥ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നതോടെ, മോദി ഇന്ത്യയുടെയല്ല അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയാണെന്നു തെളിഞ്ഞു- രാഹുല്‍ ആരോപിച്ചു. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ തിടുക്കത്തില്‍ നടത്തുന്ന ഫ്രാന്‍സ് യാത്ര എന്തിനെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പട്ടു.

അതേസമയം പ്രതിരോധ സഹകരണം ദൃഢമാക്കുന്നതിനും റഫാല്‍ വിമാനങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനുമാണു പ്രതിരോധ മന്ത്രി ഫ്രാന്‍സ് സന്ദര്‍ശിക്കുന്നത്. റഫാല്‍ ഇടപാടില്‍ കരാറിലേക്കു നയിച്ച നടപടിക്രമങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ ഈ മാസം 29ന് അകം സമര്‍പ്പിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.