സംഘപരിവാറിനെതിരെ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ: ‘ക്ഷേത്രങ്ങള്‍ സ്വകാര്യ സ്വത്തുക്കളായാല്‍ ദളിതര്‍ ഉള്‍പ്പെടെ പിന്നോക്ക സമുദായ അംഗങ്ങളായ വിശ്വാസികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും’

single-img
11 October 2018

ക്ഷേത്രങ്ങള്‍ സ്വകാര്യ സ്വത്താക്കണമെന്ന സംഘപരിവാര്‍ വാദത്തിനെതിരെ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ രംഗത്ത്. സംഘപരിവാറിന്റെ വാദം അംഗീകരിച്ചു കൊടുത്താല്‍ ക്ഷേത്രങ്ങളില്‍ ആരൊക്കെ കയറണം കയറേണ്ട എന്ന് തീരുമാനിക്കുക അവിടത്തെ ഭരണസമിതി ആകുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ ഇ വാര്‍ത്തയോട് പറഞ്ഞു.

ഇതോടെ ദളിതര്‍ ഉള്‍പ്പടെ പിന്നോക്ക സമുദായ അംഗങ്ങളായ വിശ്വാസികള്‍ക്കും പ്രവേശനം നിഷേധിക്കാന്‍ ഇവര്‍ക്ക് സാധിക്കും. സ്വകാര്യ ഇടമായ ക്ഷേത്രങ്ങളില്‍ സുപ്രീം കോടതിക്കോ സര്‍ക്കാരിനോ യാതൊരു നിയമപരമായ അധികാരവുമില്ല എന്ന് അവര്‍ വാദിക്കുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.

ശബരിമലയിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന വാദമാണ് ക്ഷേത്രങ്ങള്‍ പൊതു ഇടങ്ങള്‍ അല്ല സ്വകാര്യ ഇടങ്ങളാണ് എന്നത്. ഇത് തികച്ചും അപകടകരമായ വാദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.