ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസില്‍ 97 ലക്ഷത്തിന്റെ സ്വര്‍ണം: കരിപ്പൂരില്‍ ആഭ്യന്തര യാത്രക്കാരന്‍ വഴി സ്വര്‍ണം പുറത്തെത്തിക്കാനുള്ള ശ്രമം പൊളിച്ചത് ഡിആര്‍ഐ

single-img
11 October 2018

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ദുബായ് യാത്രികന്‍ ഷൂസില്‍ ഒളിപ്പിച്ചു കടത്തിയ 97 ലക്ഷത്തിന്റെ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുംബൈയില്‍ താമസക്കാരനായ നാസിറുദ്ദീന്‍ മാഹിം (27) പിടിയിലായി. സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതിങ്ങനെ:

ഇന്നലെ പുലര്‍ച്ചെ ദുബായില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലേക്കു കയറിയ ആള്‍ സ്വര്‍ണം വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച ശേഷം മുംബൈയില്‍ ഇറങ്ങി. മുംബൈയില്‍നിന്നു കോഴിക്കോട്ടേക്ക് ആഭ്യന്തര യാത്രക്കാരന്‍ ആയി കയറിയ നാസിറുദ്ദീന്‍ മാഹിം ഈ സ്വര്‍ണം എടുത്ത് വിമാനത്തിലെ ശുചിമുറിയില്‍ പോയി സ്വന്തം ഷൂസിനുള്ളില്‍ ഒളിപ്പിച്ചു.

ആഭ്യന്തര യാത്രക്കാര്‍ക്കു പരിശോധന കുറവായതിനാല്‍, രാവിലെ 8.45നു വിമാനം കോഴിക്കോട് എത്തുമ്പോള്‍ സ്വര്‍ണവുമായി പുറത്തിറങ്ങാമെന്നായിരുന്നു ധാരണ. എന്നാല്‍, വിവരം ലഭിച്ചതിനെത്തുടര്‍ന്നു കോഴിക്കോട്ടുനിന്നു ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) സംഘമെത്തി നടത്തിയ പരിശോധനയില്‍ കള്ളക്കടത്തു ശ്രമം പിടികൂടി. നാസിറുദ്ദീന്‍ മാഹിം കാരിയര്‍ ആണെന്നു ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.