നാളത്തെ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മായങ്ക് വീണ്ടും പുറത്ത്; പ്രതിഷേധം കത്തുന്നു

single-img
11 October 2018

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രാജ്‌കോട്ട് ടെസ്റ്റിലെ അതേ ടീമിനെതന്നെ ഇന്ത്യ നിലനിര്‍ത്തി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളോടെ ടീമിലെത്തിയ മായങ്ക് അഗര്‍വാളിനെ ഇത്തവണയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.

ശര്‍ദുല്‍ താക്കൂറാണ് പന്ത്രണ്ടാമന്‍. ആദ്യ ടെസ്റ്റില്‍ ചെയ്തതുപോലെ തന്നെ മത്സരത്തിന്റെ ഒരു ദിവസം മുന്‍പ് 12 അംഗ ടീമിനെ പ്രഖ്യാപിച്ചതോടെയാണ് മായങ്കിന്റെ അരങ്ങേറ്റം നീളുമെന്ന് വ്യക്തമായത്. രാജ്‌കോട്ടില്‍ തിളങ്ങാനാകാതിരുന്ന ലോകേഷ് രാഹുലിന് ഒരു അവസരം കൂടി നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

നേരത്തെ, മായങ്ക് അഗര്‍വാള്‍ ഹൈദരാബാദ് ടെസ്റ്റില്‍ അരങ്ങേറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ടീം നായകന്‍ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ച് അഗര്‍വാളിന് അവസരം നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടീം പ്രഖ്യാപനമുണ്ടായപ്പോള്‍ അത് സംഭവിച്ചില്ല.

ഇതോടെ സെലക്ടര്‍മാര്‍ക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയിലും അഗര്‍വാള്‍ തഴയപ്പെടുന്നത്.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (നായകന്‍), ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍