പോലീസിനെ കാണുമ്പോള്‍ മാത്രം ഹെല്‍മറ്റ് ധരിക്കുന്ന ബൈക്ക് യാത്രക്കാര്‍ ജാഗ്രതൈ!: ഇടറോഡുകളിലും ഹെല്‍മറ്റ് വെക്കാത്തവരെ പിടികൂടാന്‍ ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറ റെഡി; പെറ്റി വീട്ടിലെത്തും

single-img
11 October 2018

പ്രധാനറോഡുകളില്‍ മാത്രമല്ല, ഇടറോഡുകളിലും ഹെല്‍മറ്റ് വെക്കാത്തവരെ പിടികൂടാന്‍ ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറയുമായി പൊലീസ് വരുന്നു. ട്രാഫിക് നിയമപാലനം പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നത്.

നിലവില്‍ വളവിലും തിരിവിലും മറഞ്ഞു നിന്ന് ബൈക്കുകള്‍ പിടികൂടുന്നതാണ് പൊലീസിന്റെ രീതി. എന്നാല്‍ ഇടറോഡുകളില്‍ പുതിയ ക്യാമറകള്‍ സ്ഥാപിക്കുന്നതിലൂടെ മനുഷ്യപ്രയത്‌നം ഇല്ലാതെ നിയമലംഘനം പിടികൂടാം. ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറകള്‍ക്കൊപ്പം ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നത് പിടികൂടാനുള്ള ക്യാമറകളും സ്ഥിരം അപകടമേഖലകളില്‍ എഎന്‍പിആര്‍ (ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍) ക്യാമറകളും അടക്കമുള്ള പുതിയ സംവിധാനമാണ് പൊലീസ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച പുതിയ പദ്ധതിയിലുള്ളത്.

180 കോടി ചെലവു പ്രതീക്ഷിക്കുന്ന ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം പൂര്‍ണമായും ഡിജിറ്റലായി പ്രവര്‍ത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനമാണ്. പിഴയടയ്ക്കാനുള്ള നോട്ടിസുകള്‍ തയാറാക്കുന്നതു പോലും കംപ്യൂട്ടര്‍ സംവിധാനമുപയോഗിച്ചാണ്. ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറകളും ചുവപ്പു സിഗ്‌നല്‍ ക്യാമറകളും കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുകയും പിഴയടയ്ക്കാനുള്ള ചലാനുകള്‍ അയയ്ക്കുകയും ചെയ്യും.