‘ഇത് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ട എന്റെ അമ്മയാ…’; ശബരിമല വിഷയത്തില്‍ സംഘപരിവാറിന്റെ വ്യാജപ്രചരണം വീണ്ടും പൊളിഞ്ഞു

single-img
11 October 2018

കോഴിക്കോട്: ശബരിമല കോടതിവിധിയ്‌ക്കെതിരായി നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി നിരവധി വ്യാജപ്രചരണങ്ങളാണ് സംഘപരിവാര്‍ അനുകൂലികള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ച ഒരു ഫോട്ടോ സംഘപരിവാറിന് എട്ടിന്റെ പണി കൊടുത്തത്.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ എന്‍.എസ്.എസ് നടത്തുന്ന നാമജപയാത്രയില്‍ പങ്കെടുത്തുവെന്ന പേരില്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ച ഒരു സ്ത്രീയുടെ ചിത്രമാണ് ഇവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞ് ഇവരുടെ മകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ച തന്റെ അമ്മയാണെന്ന് ബാബു പി.എസ് എന്നയാളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് മരിച്ചു പോയതാണ് തന്റെ അമ്മയെന്നും പിന്നെ എപ്പോഴാണ് നാമജപ ഘോഷ യാത്രയ്ക്ക് പോയതെന്നും ചിത്രം പോസ്റ്റ് ചെയ്തവനെ ഊളംപാറയ്ക്ക് കൊണ്ടു പോകണമെന്നും ബാബു ഫേസ്ബുക്കില്‍ പറഞ്ഞു.

‘വെള്ളാപ്പള്ളിയെ തള്ളി ഈഴവ സമുദായം അയ്യപ്പസ്വാമിയുടെ നാമജപ ഘോഷയാത്രയില്‍ അണിചേര്‍ന്ന് കഴിഞ്ഞു. ഞങ്ങള്‍ക്ക് വലുത് അയ്യപ്പ സ്വാമിയെന്ന് ശ്രീനാരയണീയര്‍’ എന്ന ക്യാപ്ഷനോടെ വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ ഈഴവ സമുദായം സമരത്തിനിറങ്ങി എന്ന് സ്ഥാപിക്കാനായി ശംഖൊലി എന്ന ഫേസ്ബുക്ക് പേജാണ് ചിത്രം പ്രചരിപ്പിച്ചത്.