യുഎഇയില്‍ വാടകനിയമത്തില്‍ പുതിയ മാറ്റങ്ങള്‍

single-img
10 October 2018

അബുദാബി: അബുദാബിയില്‍ വാടക അടയ്ക്കാതെ തുടര്‍ച്ചയായി വീഴ്ചവരുത്തുന്നവരെ നോട്ടീസ് ഇല്ലാതെ പുറത്താക്കും. വാടകനിയമത്തിലെ പുതിയ മാറ്റങ്ങള്‍ പ്രകാരമാണിത്. അബുദാബിയിലെ മുനിസിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ചെയ്ത വാടക കരാറുകള്‍ക്കാണ് ഈ നിയമം ബാധകമാകുക.

പുതിയ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ വാടക തര്‍ക്കങ്ങളില്‍ കമ്മിറ്റി കുറഞ്ഞത് രണ്ടു ദിവസത്തിലും പരമാവധി മൂന്ന് ആഴ്ചക്കുള്ളിലും തീരുമാനം എടുക്കും. മുന്‍പ് കെട്ടിട ഉടമകള്‍ക്ക് വാടകക്കാരെ ഒഴിപ്പിക്കാന്‍ നീണ്ട നിയമനടപടികളിലൂടെ കടന്നുപോകണമായിരുന്നു.

കോടതിയില്‍നിന്ന് ഒരു എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് ലഭിക്കുന്നതിന് ഇപ്പോള്‍ കുറഞ്ഞത് ആറുമാസംവരെ എടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ നിയമം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സഹായമാകുമെന്ന് അധികൃതര്‍ വിലയിരുത്തി.