മോദിക്കെതിരെ തരൂരിന്റെ കടുംപ്രയോഗം: ‘ഫ്‌ലോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍’: അര്‍ത്ഥം തേടി ഇന്ത്യക്കാര്‍

single-img
10 October 2018

ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ മനസിലാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാത്തവര്‍ ചുരുക്കമാണ്. പണ്ട് ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്റിലടക്കം ഇക്കാര്യം പറഞ്ഞിരുന്നു. തരൂരിന്റെ ഇംഗ്ലീഷ് പീയുഷ് ഗോയലിന് മനസിലാകുന്നില്ലെങ്കില്‍ പിന്നെ…? എന്ന തരത്തില്‍ ട്രോളുകളും ഇറങ്ങിയിരുന്നു.

അതിനുശേഷവും നിരവധി പുതിയ വാക്കുകള്‍ തരൂര്‍ ഇന്ത്യക്കാര്‍ക്ക് സംഭാവന ചെയ്തു. ഇതില്‍ ഏറ്റവും ഒടുവിലത്തെ പ്രയോഗമാണ് floccinaucinihilipilification’. നിമിഷങ്ങള്‍ക്കകം പുതിയ പ്രയോഗം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയും അര്‍ത്ഥം തേടി ഡിക്ഷണറിയുമായി ഇന്ത്യക്കാര്‍ പായുകയും ചെയ്തു.

2012 ഫെബ്രുവരി 24ന് ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ എംപി ജേക്കബ് റീസ് മോഗ് ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള The Paradoxical Prime Minister (വിരോധാഭാസ പ്രധാനമന്ത്രി) എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് പറയാന്‍ ഏറെ ബുദ്ധിമുട്ടുള്ള വാക്ക് ശശി തരൂര്‍ ഉപയോഗിച്ചത്.

മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം. ‘മൂല്യം കാണാതെ തള്ളിക്കളയാവുന്ന 400ലേറെ പേജുകളുടെ വ്യായാമമാണ് എന്റെ പുതിയ പുസ്തകമായ ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍. പുസ്തകത്തിന്റെ പ്രിഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്’ എന്നാണ് തരൂരിന്റെ ട്വീറ്റ്.

ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിക്രമങ്ങളുടെ ഔദ്യോഗിക രേഖയായ ഹന്‍സാഡില്‍ ഉപയോഗിക്കപ്പെട്ട ഏറ്റവും ദൈര്‍ഘ്യമേറിയ വാക്ക് എന്ന റെക്കോര്‍ഡ് ഈ 29 അക്ഷര വാക്കിനാണ്. ലക്‌സംബര്‍ഗിലെ യൂറോപ്യന്‍ നീതിന്യായ കോടതിയിലെ അഴിമതികള്‍ ഉയര്‍ത്തിക്കാട്ടാന്‍ തന്നെ ഈ വാക്ക് സഹായിച്ചുവെന്ന് ജേക്കബ് റീസ് പിന്നീട് പറയുകയും ചെയ്തിരുന്നു.