നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മനസ്സിലാക്കണം: മീ ടു ക്യാംപെയ്‌നില്‍ സാമന്ത പറയുന്നു

single-img
10 October 2018

രാജ്യമൊട്ടാകെ പടര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന മീ ടു ക്യാംപെയ്‌നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് തെന്നിന്ത്യന്‍ താരം സാമന്ത. ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ഓരോരുത്തരോടും ഒപ്പമാണ് താനെന്ന് സാമന്ത പറഞ്ഞു. ട്വിറ്ററിലൂടെലായാണ് താരം വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്ക് പിന്തുണയുമായി എത്തിയത്.

തങ്ങള്‍ ലൈംഗീക അതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി സ്ത്രീകള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷമുണ്ടെന്നും നിങ്ങളുടെ ധൈര്യം അഭിനന്ദനീയമാണെന്നും സാമന്ത ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നിങ്ങള്‍ക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത് കണ്ടപ്പോള്‍ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. ഇത്തരം പരിഹാസങ്ങള്‍ കണ്ട് നിങ്ങള്‍ ഒരിക്കലും പിന്തിരിയരുത്; നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മനസ്സിലാക്കണം സാമന്ത പറയുന്നു.

‘എന്നെങ്കിലും നിങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കില്‍ ‘മീടൂ’ എന്ന് സ്റ്റാറ്റസിടുക. നമുക്കീ ലോകത്തെ അറിയിക്കണം, എത്രമാത്രം വ്യാപിച്ചിരിക്കുകയാണ് ഈ പ്രശ്‌നമെന്ന്…’– ചാരത്തില്‍ പുതഞ്ഞു കിടന്നിരുന്ന തീപ്പൊരി പോലെയായിരുന്നു ഹോളിവുഡ് നടി അലീസ മിലാനോയുടെ ഈ ട്വീറ്റ്.

അന്നുവരെ ആരും കാണാതെ കിടന്ന അതിന്റെ നാളങ്ങള്‍ സമൂഹത്തില്‍ മാന്യന്മാരെന്നു കരുതിയിരുന്ന പലരുടെയും പൊയ്മുഖത്തെ കരിച്ചു കളഞ്ഞപ്പോള്‍ തുടക്കം കുറിക്കപ്പെട്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ക്യാംപെയ്‌നുകളിലൊന്നിനായിരുന്നു.

2017 ഒക്ടോബര്‍ 15ന് ആ ട്വീറ്റ് വന്നു കൃത്യം ഒരു വര്‍ഷം തികയുന്നതിനു മുന്‍പേ തന്നെ #MeToo ക്യാംപെയ്‌ന്റെ ചൂട് ഇന്ത്യന്‍ ചലച്ചിത്ര, സാംസ്‌കാരിക, മാധ്യമ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെയും വിയര്‍പ്പില്‍ മുക്കിയിരിക്കുന്നു. ബോളിവുഡ് താരം തനുശ്രീ ദത്തയില്‍നിന്ന് ആരംഭിച്ച ക്യാംപെയ്‌നു പിന്തുണ പ്രഖ്യാപിച്ച്, നിനക്കൊപ്പം ‘ഞാനും’ എന്ന വെളിപ്പെടുത്തലുമായി ഒട്ടേറെപേര്‍ രംഗത്തു വന്നു, അതു തുടരുകയുമാണ്. പ്രതിസ്ഥാനത്തുള്ളവരില്‍ ചിലര്‍ മാപ്പു പറഞ്ഞു. ചിലര്‍ ഇനിയും തെറ്റേറ്റു പറയാതെയിരിക്കുന്നു. ഇനിയും ചിലര്‍ അധികാരത്തിന്റെ കരുത്തില്‍ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുന്നു.

നടനും എംഎല്‍എയുമായ മുകേഷിനെതിരെ പരാതിയുമായി ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് രംഗത്തെത്തിയതോടെ കേരളത്തിലും ‘മീടൂ’ ക്യാംപെയ്‌ന്റെ അലയൊലികള്‍ എത്തി. 19 വര്‍ഷംമുന്‍പ് ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ ചെന്നൈയിലെ തന്റെ ഹോട്ടല്‍ മുറിയിലേക്ക് മുകേഷ് തുടരെ ഫോണ്‍ ചെയ്തു. പിന്നീട് താന്‍ സുഹൃത്തിന്റെ മുറിയിലേക്കു മാറി. പിന്നീട് ചിത്രീകരണ സമയത്തു മുകേഷിന്റെ തൊട്ടപ്പുറത്തെ മുറിയിലേക്കു തന്നെ മാറ്റാന്‍ നിര്‍ദേശിച്ചെന്നും ടെസ് പറയുന്നു. സംഭവം മുകേഷ് നിഷേധിച്ചിട്ടുണ്ട്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെയും ആരോപണം ഉയര്‍ന്നു. വനിതാ മാധ്യമ പ്രവര്‍ത്തകരാണു പരാതിയുമായി രംഗത്തെത്തിയത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബര്‍ എഡിറ്ററായിരിക്കെ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചായിരുന്നു വെളിപ്പെടുത്തല്‍. ജോലിക്ക് അഭിമുഖത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഇതിനെക്കുറിച്ച് അന്വേഷിച്ച വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. അക്ബറിന്റെ മന്ത്രിസ്ഥാനം തെറിക്കുമെന്നാണു സൂചന.