ശബരിമല: സംസ്ഥാന വ്യാപക ഉപരോധ സമരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു; പുലിയുടെ ശൗര്യവും ശക്തിയുമുള്ള സമരമാണ് വരുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി; 17 ന് ആചാരസംരക്ഷണ സമിതിയുടെ ഹര്‍ത്താല്‍ പരിഗണനയില്‍

single-img
10 October 2018

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനവിധി നടപ്പാക്കുന്നതിനെതിരെ ബിജെപിയുടേയും ശബരിമല കര്‍മസമിതിയുടേയും നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി റോഡ് ഉപരോധവും പ്രതിഷേധവും. പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

വലിയ ജനക്കൂട്ടമാണ് എല്ലാ സ്ഥലങ്ങളിലും സമരങ്ങളില്‍ പങ്കെടുത്തത്. സമരത്തെ തുടര്‍ന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ റോഡായ എറണാകുളം വൈറ്റിലയില്‍ ഉള്‍പ്പടെ വലിയ ഗതാഗത തടസ്സമാണ് ഉണ്ടായിരിക്കുന്നത്. തൃശൂരില്‍ സ്വരാജ് റൗണ്ടിലാണ് പ്രധാനമായും സമരം നടന്നത്.

വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആളുകള്‍ പ്രകടനമായി സമരസ്ഥലത്തേക്ക് എത്തി. ഇവിടങ്ങളിലെ ഗതാഗതം പോലീസ് നിരോധിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് വിശ്വാസികള്‍ ഇവിടെയും സമരത്തില്‍ പങ്കെടുത്തു. വടക്കന്‍ കേരളത്തിലും വലിയ രീതിയില്‍ തന്നെ ഉപരോധ സമരങ്ങള്‍ നടന്നു.

കോഴിക്കോട് പാളയം ജങ്ഷനില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ബോര്‍ഡുകളും കൊടിതോരണങ്ങളും ഉയര്‍ത്തിയായിരുന്നു സമരം. വടകരയും കുന്നമംഗലത്തും ഉള്‍പ്പടെ 11 കേന്ദ്രങ്ങളിലാണ് സമരം നടന്നത്. മലയോര മേഖലകളിലും സമരം സജീവമാണ്.

അതേസമയം കണ്ണടച്ചിരിക്കുന്ന സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ പോരുന്ന സമരമാണു വരാന്‍ പോകുന്നതെന്ന് തുഷാര്‍ വെളളാപ്പള്ളി പറഞ്ഞു. പന്തളത്ത് എന്‍ഡിഎ ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പ വാഹനമായ പുലിയുടെ ശൗര്യവും ശക്തിയും ഉള്ള സമരത്തിനാണു തുടക്കം കുറിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് നിസാരമായി കൈകാര്യം ചെയ്യാവുന്ന കോടതി വിധിയായിരുന്നു വന്നത്. ഇതാണു കണ്ടില്ലെന്നു നടിക്കുന്നത്. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ഒരുമിച്ചുനിന്ന് ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കു പിന്തുണ നല്‍കണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു. വരാനിരിക്കുന്നത് വലിയ സമരമാണെന്നും തുഷാര്‍ വ്യക്തമാക്കി.

അതിനിടെ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ നിലപാടു കടുപ്പിച്ച് ആചാരസംരക്ഷണ സമിതി. ശബരിമല നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ നടത്താന്‍ സമിതി ആലോചിക്കുന്നതായാണ് വിവരം. ശബരിമല ആചാര സംരക്ഷണ സമിതി രക്ഷാധികാരിയാണ് ഇക്കാര്യം അറിയിച്ചത്. പുനഃപരിശോധന ഹര്‍ജിയില്‍ വിധി വരുന്നതു വരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ശബരിമല കേസിലെ വിധി നടപ്പാക്കാന്‍ അടുത്ത മണ്ഡല കാലം വരെയെങ്കിലും കാത്തിരിക്കണമെന്നാണ് ആചാര സംരക്ഷണ സമിതിയുടെ ആവശ്യം. അല്ലെങ്കില്‍ വിമോചന സമരത്തെക്കാള്‍ വലിയ ആചാര സംരക്ഷണ സമരത്തിന് കേരളം സാക്ഷിയാകുമെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.